ഇന്ത്യയിലെ മുസ്ലിംഗള്‍ക്ക് മത സ്വാതന്ത്യ്രമുണ്ട്: ഡോ.ഹുസൈന്‍ മടവൂര്‍
Monday, November 3, 2014 7:52 AM IST
മസ്കറ്റ്: പല മുസ്ലിം രാഷ്ട്രങ്ങളേക്കാള്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് മത സ്വാതന്ത്യ്രം ഉണ്െടന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോഓര്‍ഡിനേറ്ററുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്റാന്‍ബൂളില്‍ നടന്ന വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷന്‍സ് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഇന്ത്യന്‍ മുസ്ലിങ്ങള്‍ മറ്റ് സമുദായങ്ങള്‍ക്ക് മാതൃകയാണ്. അവര്‍ സമാധാനപ്രിയരും രാജ്യതാത്പര്യം സംരക്ഷിക്കുന്നവരുമാണ്. അതിനാല്‍ തന്നെ ഇതരസമൂഹങ്ങള്‍ മുസ്ലിങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാരും നിയമപാലകരും കോടതികളും മുസ്ലിങ്ങളെ സഹായിച്ചിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയാണ് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതെന്നും ഡോ. മടവൂര്‍ വിശദീകരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളില്‍ കമ്മിറ്റികള്‍ ഉണ്ടാക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇന്ത്യയുള്‍പ്പെടുന്ന സാര്‍ക്ക് രാഷ്ട്രങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, മാലി ദ്വീപ്, അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ സാര്‍ക്ക് അസോസിയേഷന്‍ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു. വേള്‍ഡ് അസോസിയേഷന്‍ പ്രതിനിധി ഡോ. ഹാഷിം അല്‍ ഹാഷിമി യോഗം നിയന്ത്രിച്ചു. സമാപന സമ്മേളനത്തില്‍ അസോസിയേഷന്‍ ചെയര്‍മാന്‍ അലി സുവൈദി, അത്വിയ അദ്ലാന്‍ (ഈജിപ്റ്റ്) സാലിം റിഫാഈ (ലെബനാന്‍) ഡോ. അബ്ദുള്‍ മുഹ്സിന്‍ മുതൈരി (കുവൈറ്റ്) ഡോ. ജംആന്‍ സഹറാനി (സൌദി അറേബ്യ) ഡോ. തൌഫീഖ് ഷുദരി (മലേഷ്യ) ഡോ. മുഹമ്മദ് ഇല്‍യാസ് (മാലി) ഷബീര്‍ അഹമ്മദ് (യുപി) ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അന്താരാഷ്ട്ര സമിതിയുടെ ജനറല്‍ കൌണ്‍സില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ മലേഷ്യയില്‍ ചേരാന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം