ഡാളസില്‍ കേരളപിറവിയും കെഎല്‍എസ് വാര്‍ഷികവും ആഘോഷിച്ചു
Monday, November 3, 2014 7:50 AM IST
പ്ളാനെ(ഡാളസ്): കേരളപിറവി ദിനവും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് 22-ാമത് വാര്‍ഷികവും നവംബര്‍ ഒന്നിന് ഡാളസില്‍ സമുചിതമായി ആഘോഷിച്ചു.

വൈകിട്ട് ആറിന് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ ചടങ്ങുകളില്‍ കെഎല്‍എസ് പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഡോ. എം.വി. പിളള പ്രധാന പ്രസംഗം നടത്തി. തുടര്‍ന്ന് ഡോ. എം.വി. പിളള, ഏബ്രഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, പ്രഫ. എം.എസ്.ടി. നമ്പൂതിരി, സ്വാമി സംവിധാനന്ദ, ടോം തരകന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് സമ്മേളം ഉദ്ഘാടനം ചെയ്തു.

ലാന ജനറല്‍ സെക്രട്ടറി ജോസ് ഒച്ചാലില്‍, ഹരിദ്വാറില്‍ നിന്നും എത്തിച്ചേര്‍ന്ന സ്വാമി സംവിധാനന്ദ, ടോം തരകന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ഉദ്ഘാടന സമ്മേളനത്തിനുശേഷം സ്കൂള്‍ ഓഫ് ഡാന്‍സ് മാവേലി നാടും വാണീടും കാലം എന്ന കഥയെ ആസ്പദമാക്കിയുളള മോഹിനിയാട്ടം, സെമി ക്ളാസിക്കല്‍ ഡാന്‍സ്, സെന്റ് സ്റീഫന്‍ ബൈബിള്‍ സ്റ്റോറിയെ കുറിച്ചുളള ഫോള്‍ക്ക് ഡാന്‍സ്, തിരുവാതിരകളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. ജോസന്‍ ജോര്‍ജിന്റെ നാരായണത്തു ഭ്രാന്തന്‍ കവിത, നാന്‍സി വര്‍ഗീസ്, സ്റാന്‍ലി ജോര്‍ജ്, അജയ് കുമാര്‍, സന്തോഷ് തുടങ്ങിയവര്‍ പാടിയ മനോഹരമായ ഗാനങ്ങള്‍ കേള്‍വിക്കാര്‍ക്ക് ആസ്വാദ്യകരമായി. ചിറയില്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച ചെണ്ടമേളം കണ്ണിനും കാതിനും കുളിര്‍മയേകി.

ജസ്റിന്‍ മാത്യു, ജോര്‍ദന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തോടും സ്നേഹ ജോര്‍ജ് ആലപിച്ച ഇന്ത്യന്‍ ദേശീയ ഗാനത്തോടുകൂടിയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. കെഎല്‍എസ് സെക്രട്ടറി ജോസന്‍ ജോര്‍ജ് സ്വാഗതവും വൈസ് പ്രസിഡന്റ് സിജു വി. ജോര്‍ജ് നന്ദിയും പറഞ്ഞു.

അനുപ സാം, സാന്റി സാം എന്നിവര്‍ എംസിമാരായിരുന്നു. സമ്മേളന സമാപനത്തിനുശേഷം കെഎല്‍എസ് ആസ്വാദ്യകരമായി ഡിന്നറും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍