ഗ്രാമോത്സവച്ചാര്‍ത്തണിഞ്ഞ കേരളോത്സവത്തിന് വര്‍ണാഭമായ തുടക്കം
Saturday, November 1, 2014 10:02 AM IST
അബുദാബി: കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ മാത്രം കണ്ടുവരുന്ന ഗ്രാമോത്സവങ്ങളുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് വര്‍ണാഭമായ പരിപാടികളോടെ തുടക്കം കുറിച്ചു.

പഞ്ചവാദ്യങ്ങള്‍ കൊണ്ടും താളക്കൊഴുപ്പുകള്‍ കൊണ്ടും വര്‍ണപ്പൊലിമയാര്‍ന്ന അന്തരീക്ഷം കൊണ്ടും ആകര്‍ഷകമായ സെന്റര്‍ അങ്കണത്തില്‍ യുഎഇ എക്സ്ചേഞ്ച് സിഇഒ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉത്സവപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

കേരളോത്സവത്തിന്റെ ഭാഗമായി ഫ്രന്റ്സ് ശാസ്ത്ര സാഹിത്യ പരിഷത്ത് 'ആകാശവിസ്മയം' എന്നപേരിലൊരുക്കിയ ശാസ്ത്രകൌതുകം ജെമിനി ബില്‍ഡിംഗ് മെറ്റേരിയല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷണ സ്റാളുകളും അബുദാബി ശക്തി തിയറ്റേഴ്സ്, യുവകലാ സാഹിതി, കല അബുദാബി എന്നീ സംഘടനകളുടെ തട്ടുകടകളും കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറിയുടെ ഗ്രന്ഥപ്പുരയും ബാലവേദിയുടെ വിനോദ സ്റാളുകളും കേരളോത്സവത്തിന് ഉത്സവഛായ പകര്‍ന്നു.

കേരളോത്സവത്തിന്റെ ഭാഗമായി അഹല്യ ഹോസ്പിറ്റല്‍ ഒരുക്കിയ സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ശ്രീലങ്കന്‍ കലാകാരികള്‍ അവതരിപ്പിച്ച ശ്രീലങ്കന്‍ നൃത്തനൃത്യങ്ങളോടൊപ്പം വൈവിധ്യങ്ങളായ കേരളീയ നാടന്‍ കലാരൂപങ്ങള്‍ വേദിയില്‍ അരങ്ങേറി. സമാപനത്തില്‍ പയ്യന്നൂര്‍ സൌഹൃദവേദി സംഭാന ചെയ്ത ഒരു കുല പഴം ലേലം വിളിയിലൂടെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വന്തമാക്കി. ലേലം വിളിക്ക് കായിക വിഭാഗം സെക്രട്ടറി റജീദ് പട്ടോളിയും സുകുമാരന്‍ കണ്ണൂരും നേതൃത്വം നല്‍കി.

സമാപനദിവസമായ ശനി രാത്രി 9.30ന് മൂന്ന് ദിവസങ്ങളിലെ പ്രവേശന പാസുകള്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനമായി പിജ്യോട്ട് കാറും മറ്റ് വിലപിടിപ്പുള്ള 50 സമ്മാനങ്ങളും നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള