'ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിച്ചു'
Saturday, November 1, 2014 8:57 AM IST
കുവൈറ്റ്: അക്രമവും അരക്ഷിതാവസ്ഥയും പെരുകുന്ന വര്‍ത്തമാന കാലത്ത് ഇസ്ലാമിക ദര്‍ശനങ്ങളുടെ സ്വീകര്യത വര്‍ധിച്ചുവരികയാണെന്ന് കുവൈറ്റ് ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ രാജ്യാന്തര ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.

ലോക സമാധാനത്തിന് പ്രായോഗികമാര്‍ഗങ്ങള്‍ മുന്നോട്ടുവച്ച മതമാണ് ഇസ് ലാം. നിരപരാധിയെ വധിക്കുന്നത് ലോകത്തുള്ള മുഴുവന് മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണെന്ന് പഠിപ്പിച്ച പരിശുദ്ധ ഖുര്‍ആനിന്റെയും മിണ്ടാപ്രാണികളോട് പോലും കരുണ കാണിക്കണമെന്ന് ഉപദേശം നല്‍കിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികള്‍ക്ക് ഒരിക്കലും തീവ്രവാദികളാകാന്‍ കഴിയില്ല. ഇറാഖിലും സിറിയയിലും ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും കിരാതമായ മനുഷ്യവേട്ട നടത്തുന്നവര്‍ ഇസ്ലാമിന്റെ ശത്രുക്കളാണ്. യുവജനതയെ തീവ്രവാദത്തിന്റെ പടനിലങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള കുടില നീക്കങ്ങള്‍ക്കെതിലെ ശക്തമായ ബോധവത്കരണം അനിവാര്യമാണ് സമ്മേളനം അഭിപ്രായപ്പെട്ടു. ഇസ്ലാമിന്റെ അടിത്തറയായ ഏകദൈവ ആരാധന എന്ന സമത്വപൂര്‍ണമായ ആശയം മാനവ സമൂഹത്തിന് മുമ്പില്‍ പരിചയപ്പെടുത്താന് ശാസ്ത്രീയവും സമഗ്രവുമായ പ്രവര്‍ത്തന പദ്ധതികള്‍ അനിവാര്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കുവൈറ്റ് ഔഖാഫ് മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി ഷേഖ് ദാവൂദ് അല്‍ അസൂസി പ്രസ്താവിച്ചു. കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍ അബ്ദുള്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജംഇയ്യത്ത് ഇഹ്യാത്തുറാസ് അല്‍ ഇസ്ലാമി ചെയര്‍മാന്‍ ഷേഖ് ത്വാരിഖ് സാമി സുല്‍ത്താന്‍ അല്‍ ഈസ, ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അല്‍ ഇസ്ലാമി ഇന്ത്യന്‍ കോണ്ടിനന്റല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷേഖ് ഫലാഹ് ഖാലിദ് അല്‍ മുതവൈരി, കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍, മുന്‍ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ധീഖ്, ഫിമ പ്രസിഡന്റ് സിദ്ധീഖ് വലിയകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

യുഎഇ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അഷ്റഫ്, പി.കെ.മുഹമ്മദ് ഷരീഫ് (ദുബായ്), അയൂബ് തിരുവനന്തപുരം (ഷാര്‍ജ), ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുള്‍ അസീസ്, വൈസ് പ്രസിഡന്റ് എ.എം. അബ്ദുസമദ് കോഴിക്കോട്, ദഅവ സെക്രട്ടറി സക്കീര്‍ കൊയിലാണ്ടി, വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ നേര്‍വഴി സ്പെഷല്‍ പതിപ്പ് ഇന്ത്യന്‍ അംബാസഡര്‍ യുഎഇ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അഷ്റഫ് അബൂബക്കറിന് നല്‍കി പ്രകാശനം ചെയ്തു. ഇസ്കോണിന്റെ ഭാഗമായി ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സര വിജയികളെ പരിപാടിയില്‍ പ്രഖ്യാപിച്ചു.

ഫൈസുള്ള മദനി (കര്‍ണാടക), ദുബായ് ഗവണ്‍മെന്റ് കള്‍ച്ചറല്‍ ആര്‍ട്സ് അഥോറിറ്റി പ്രതിനിധി അര്‍ഷദ് ഖാന്‍, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഹാരിസ് ബിന്‍ സലീം, സി.എം.സാബിര്‍, നവാസ് മദനി തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് പ്രമുഖ വാഗ്മിയും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും നിരവധി പ്രഭാഷണം നടത്തിയ മുജാഹിദ് ബാലുശേരി സമാപനപ്രസംഗം നടത്തി.

സമൂഹത്തില്‍ നന്മയുടെ പ്രചാരണം ശക്തമാക്കുവാനും സാമൂഹിക ദുരാചാരങ്ങള്‍ക്കും തീവ്രവാദ വര്‍ഗീയ ചിന്തകള്‍ക്കുമെതിരെ സമൂഹമനഃസാക്ഷിയെ ഐക്യപ്പെടുത്തുവാനും സംഘടിപ്പിക്കുന്ന 'വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ' ഒന്നാം ഘട്ട പ്രവര്‍ത്തന പദ്ധതികളാണ് ഇപ്പോള്‍ സംഘടിപ്പിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന വിസ്ഡം മിഷന്‍, മേയ് എട്ടിന് കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി സൌദി രാജകുമാരന്‍ എച്ച്.ആര്‍.എച്ച് ഫൈസല്‍ ബിന്‍ മുസാഇദ് ബിന്‍ സൌദ് ബിന്‍ അബ്ദുള്‍ അസീസ് ഉദ്ഘാടനം നിര്‍വഹിച്ചതോടെയാണ് തുടക്കം കുറിച്ചത്.

പൌരധര്‍മ്മം, സാമൂഹികാവബോധം വളര്‍ത്തിയെടുക്കല്‍, കുടുംബ ബന്ധങ്ങളുടെ പവിത്രത, ചൂഷണ മുക്തമായ മതപ്രബോധനം, വിദ്യാഭ്യാസം പ്രചാരണവും വികസനവും, തൊഴില്‍ കടമകളും അവകാശങ്ങളും, സ്ത്രീ സുരക്ഷയും സ്വാതന്ത്യ്രവും, അക്രമരഹിത സമൂഹം, പലിശ രഹിത സമ്പദ് വ്യവസ്ഥ, പരിസ്ഥിത സംരംക്ഷണം തുടങ്ങിയ മേഖലകളിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍