ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വാരാന്ത്യ ധ്യാനം നടന്നു
Saturday, November 1, 2014 6:06 AM IST
ബാള്‍ട്ടിമോര്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള വാരാന്ത്യ ധ്യാനം ഒക്ടോബര്‍ 24 മുതല്‍ 26 വരെ നടന്നു. മിഡില്‍ സ്കൂള്‍ മുതല്‍ കോളേജ് വരെയുള്ള യുവജനങ്ങള്‍ പങ്കെടുത്ത ഈ ധ്യാനത്തില്‍ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ളാസുകള്‍ ക്രമപ്പെടുത്തിയിരുന്നു. സുപ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റിനൊ ടോറസും സംഘവുമാണ് ഈ ധ്യാനത്തിനു നേതൃത്വം നല്കിയത്.

ബാള്‍ട്ടിമോറിലും പരിസരങ്ങളിലുള്ള മറ്റു ദൈവലയങ്ങളില്‍ നിന്നുമായി നൂറോളം യുവജനങ്ങള്‍ ഈ വാരാന്ത്യ ധ്യാനത്തില്‍ പങ്കെടുത്തു. കൌദാശിക ജീവിതവും കത്തോലിക്ക സഭയുടെ മതബോധനവും ആധാരമാക്കി ഒരുക്കിയ വിവിധ ക്ളാസുകളിലൂടെ വിശ്വാസ ജീവിതത്തിന്റെ ആഴങ്ങളെ തൊട്ടറിയുവാന്‍ യുവജനങ്ങള്‍ക്ക് കഴിഞ്ഞതായി ഇടവക വികാരി ഫാ. ജയിംസ് നിരപ്പേല്‍ പറഞ്ഞു.

ഫാ. അഗസ്റിനൊ ടോറസിനോടൊപ്പം അദ്ദേഹം നേതൃത്വം നല്കുന്ന യുവജന മുന്നേറ്റമായ കൊറേസോണ്‍ പ്യുറെ സമൂഹത്തിലെ നാല് മിഷനറിമാരും ഈ ധ്യാനത്തില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. മതാപിതാക്കളുടെയും മതബോധന അധ്യാപകരുടെയും ജീസസ് യൂത്ത് പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തം ഈ ധ്യാനത്തിന്റെ ഒരുക്കത്തില്‍ ഉടനീളം ഉണ്ടായിരുന്നു. ബോബിന്‍ രാജന്‍, റീനി പെരേര എന്നിവരാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കിയത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം