ഒമാന്‍ എയറിന്റെ ട്രാന്‍സിറ്റ് വീസക്ക് തത്വത്തില്‍ അംഗീകാരം
Friday, October 31, 2014 7:07 AM IST
മസ്കറ്റ്: ഒമാനിലെ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒമാന്റെ ദേശീയ വിമാന കമ്പനി ആയ ഒമാന്‍ എയര്‍ തയാറെടുക്കുന്നു. എയര്‍ലൈനിന്റെ ചീഫ് ഓപ്പറെറ്റിംഗ് ഓഫീസര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ബുസൈദിയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

ഒമാന്‍ വഴി കടന്നുപോകുന്ന യാത്രികര്‍ക്ക് 72 മണിക്കൂര്‍ ട്രാന്‍സിറ്റ് വീസ നല്‍കുന്നതിന് റോയല്‍ ഒമാന്‍ പോലീസ് ഇമിഗ്രേഷന്‍ വിഭാഗം തത്വത്തില്‍ അംഗീകരിച്ചതായി അല്‍ബുസൈദി പറഞ്ഞു.

ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഒഴിച്ചുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസ്റുകള്‍ക്ക് ട്രാന്‍സിറ്റ് വീസയുടെ പ്രയോജനം ലഭിക്കും.

നേരത്തെ ഇന്ത്യ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ചില രാജ്യക്കാര്‍ക്ക് ഒമാന്‍ 'വീസ ഓണ്‍ അറൈവല്‍' നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ചില ട്രാവല്‍ ഏജന്‍സികളുടെ ഒത്താശയോടെ ഈ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഒമാനില്‍ വീസ കാലാവധിക്കുശേഷം നിയമ വിരുദ്ധമായി തങ്ങി. ഇതിനെ തുടര്‍ന്ന് വീസ ഓണ്‍ അറൈവല്‍ സംവിധാനം പൂര്‍ണമായി പിന്‍വലിക്കുകയായിരുന്നു. പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നും വേണ്ട രീതിയിലുളള ബോധവത്കരണ നടപടികള്‍ ഉണ്ടയില്ലായെന്നു വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യഥാര്‍ഥ തൊഴില്‍ സംരംഭകര്‍ക്ക് കിട്ടിയിരുന്ന വലിയ സൌകര്യമാണ് നഷ്ട്ടപ്പെട്ടത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം