കെഎച്ച്എന്‍എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു
Friday, October 31, 2014 4:23 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ജൂലൈയില്‍ ഡാളസില്‍ വെച്ച് നടക്കുന്ന ഗ്ളോബല്‍ ഹിന്ദു സംഗമത്തിന്റെ ഷിക്കാഗോ ശുഭാരംഭം സ്കോക്കി പാര്‍ക്ക് ഡിസ്ട്രിക്ട് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റി മെമ്പര്‍ സതീശന്‍ നായരുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് ടി.എന്‍. നായര്‍ കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഏവരോടും കണ്‍വന്‍ഷനില്‍ കുടുംബ സമേതം പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ട്രഷറര്‍ രാജു പിള്ള കണ്‍വന്‍ഷന്റെ വിവിധ സ്പോണ്‍സര്‍ഷിപ്പുകളെക്കുറിച്ച് വിശദമായി സംസാരിച്ചു. ട്രസ്റി മെമ്പര്‍ ശിവന്‍ മുഹമ്മ എല്ലാവിധ ആശംസകളും അറിയിച്ചു. ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പിള്ള എം.സിയായിരുന്നു. കൂടാതെ ഷിക്കാഗോയില്‍ നിന്നും പതിവില്‍ കൂടുതല്‍ കുടുംബങ്ങളെ വരുന്ന കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതാണെന്നും അറിയിച്ചു.

കണ്‍വന്‍ഷന്റെ ആദ്യ സ്പോണ്‍സര്‍ഷിപ്പ് അപ്പുക്കുട്ടന്‍ നായരില്‍ നിന്നും പ്രസിഡന്റ് ടി.എന്‍. നായര്‍ ഏറ്റുവാങ്ങി. കൂടാതെ മറ്റ് അനവധി കുടുംബങ്ങളും രജിസ്റര്‍ ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളും നടന്നു. എം.എന്‍.സി നായര്‍ മുന്‍കാല കണ്‍വന്‍ഷന്റെ അനുഭവങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. സമ്മേളനാനന്തരം സുരേഷ് ബാലചന്ദ്രന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം