വെടിയേറ്റു മരിച്ച റീനാ അജിത് കോശിയുടെ പൊതുദര്‍ശനം നവംബര്‍ രണ്ടിന്
Friday, October 31, 2014 4:23 AM IST
ഹൂസ്റണ്‍: സഹപ്രവര്‍ത്തകനായ മലയാളിയുടെ വെടിയേറ്റ് മരിച്ച ഹൂസ്റ്റണ്‍ ബെന്‍ടബ് ആശുപത്രി ഫാര്‍മസിസ്റ്റ് റീന അജിത് കോശിയുടെ (42) സംസ്കാരം നവംബര്‍ മൂന്നിന് തിങ്കളാഴ്ച ഹൂസ്റ്റണ്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ നടക്കും.

നവംബര്‍ രണ്ടിന് ഞായറാഴ്ച വൈകിട്ട് അഞ്ചുമുതല്‍ ഒമ്പതുവരെ മൃതദേഹം ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

നവംബര്‍ മൂന്ന് തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ഹൂസ്റ്റന്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരം നടക്കും.

ഒക്ടോബര്‍ 22 നാണ് റീത്ത ജോലി സ്ഥലത്തു വെടിയേറ്റ് മരിച്ചത്. പത്തു വര്‍ഷമായി ഇതേ ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

കടലഴികത്ത് കെ. ഫിലിപ്പിന്റെയും റെയ്ച്ചലിന്റെയും മകളാണ് മരിച്ച റീന. മാവേലിക്കര തഴക്കര മംഗലത്ത് കൊന്നക്കോട്ട് എബനേസറില്‍ എബ്രഹാം കോശിയുടേയും അക്കാമ്മയുടേയും മകന്‍ അജിത്താണ് ഭര്‍ത്താവ്്. അജ്ഞലി, ആഡ്രൂ എന്നിവര്‍ മക്കളാണ്.

മുംബൈയിലെ സി.യു ഷാ കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്നും മാനേജമെന്റ് സ്റ്റഡീസില്‍ മാസ്റ്റേഴ്സും നേടിയതിനുശേഷം മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. പത്തു വര്‍ഷം മുമ്പ് വിവാഹത്തിനുശേഷമാണ് അമേരിക്കയില്‍ എത്തിയത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍