ദമാമില്‍ ഇനി സ്മാര്‍ട്ട് പാര്‍ക്കിംഗ്
Wednesday, October 29, 2014 6:31 AM IST
ദമാം: ദമാമില്‍ ഇനി സ്മാര്‍ട്ട് പാര്‍ക്കിംഗ്. ഡ്രൈവര്‍മാര്‍ക്ക് തങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തോ, അതിന് തൊട്ടടുത്തോ തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലലഭ്യതയെക്കുറിച്ച് മൊബൈലില്‍ വിവരം ലഭിക്കും.

ദമാം പട്ടണത്തില്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങളില്‍ പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ഉപകരണങ്ങള്‍ മൊബൈല്‍ കണക് ഷനുകളുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള കമ്പനി മേധാവി അബ്ദുള്‍ റഹ്മാന്‍ അല്‍ ജബ്റാന്‍ അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യ ഗവര്‍ണറേറ്റിന്റെ ചുറ്റും ഇത്തരത്തില്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്െടന്ന് അദ്ദേഹം അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ സ്ഥാപിച്ച ഉപകരണങ്ങളും മൊബൈല്‍ ഫോണ്‍ കണക് ഷനുകളും തമ്മില്‍ സാറ്റലൈറ്റ് വഴി ബന്ധിപ്പിച്ചതിനാല്‍ ഇന്റര്‍ നെറ്റിന്റെ സഹായമില്ലാതെ തന്നെ ഉപകരണം പ്രവര്‍ത്തിക്കുമെന്ന് അല്‍ജബ്റാന്‍ വ്യക്തമാക്കി. ഉപകരണങ്ങള്‍ സ്ഥാപിച്ച മേഖലകളില്‍ വാഹനമെത്തുമ്പോള്‍ എവിടെയൊക്കെ പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് വിവരം ലഭിച്ചുകൊണ്ടിരിക്കും. പദ്ധതി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് എന്ന പ്രോഗ്രാം മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റില്‍നിന്നും ഡൌണ്‍ ലോഡ് ചെയ്യണം.

രണ്ടാംഘട്ടമായി സ്മാര്‍ട്ട് പാര്‍ക്കിംഗ് പദ്ധതി അല്‍കോബാറിലും നടപ്പാക്കുമെന്ന് അബ്ദുള്‍ റഹ്മാന്‍ അല്‍ ജബ്റാന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം