'കുടുംബ ബന്ധമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുവാക്കള്‍ പ്രതിജ്ഞാ ബദ്ധരാകണം'
Wednesday, October 29, 2014 6:31 AM IST
കരോള്‍ട്ടണ്‍(ഡാളസ്): കുടുംബബന്ധ മൂല്യങ്ങള്‍ സജീവമായി നില നിര്‍ത്താന്‍ യുവജനങ്ങള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് മൂന്ന് ദിവസങ്ങളായി നടന്ന നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സൌത്ത് വെസ്റ് റീജിയണ്‍ സെന്റര്‍ - എ യുവജന സഖ്യം സംയുക്തമായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

കരോള്‍ട്ടന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ സംഘടിപ്പിച്ച ത്രിദിന കണ്‍വന്‍ഷനില്‍ 'ആധുനിക യുഗത്തില്‍ യുവജനങ്ങളുടെ ആത്മീയത' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ വേദശാസ്ത്ര പണ്ഡിതനും പഴയ നിയമ ഗവേഷണ വിദ്യാര്‍ഥിയുമായ ഡീക്കന്‍ ജോണ്‍ ചിറയില്‍ വചന പ്രഭാഷണം നടത്തി.

ആഗോള വ്യാപകമായി മര്‍ത്തോമ സഭ ഫാമിലി സണ്‍ഡേയായി ആചരിച്ച ഒക്ടോബര്‍ 26 ന് (ഞായര്‍) രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സമാപന യോഗം നടന്നു.

കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തുന്നതിനും മൂല്യ സംരക്ഷണത്തിനും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും തുല്യപങ്കാളിത്തമാണുളളതെന്ന് ക്രിസ്തുവിന്റെ ജനനം മുതല്‍ 30 വയസ് വരെയുളള ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിച്ചത് ആരാധനാ സമൂഹത്തിന് ആത്മീയ ചൈതന്യം പകര്‍ന്നു നല്‍കി.

കരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവക വികാരി സാം മാത്യു അച്ചന്‍ സ്വാഗതമാശംസിച്ചു. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് റീജിയന്‍ പ്രസിഡന്റ് റവ. ജോസ് സി. ജോസഫച്ചന്‍, വൈസ് പ്രസിഡന്റ് ബാബു പി. സൈമണ്‍, സിബു ജോസഫ്, ബിജി ജോബ്, അജു മാത്യു, സജു കോര എന്നീ യുവജന സംഖ്യം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍