കര്‍ണാടക കാത്തലിക് യൂത്ത് കണ്‍വന്‍ഷന്‍ സമാപിച്ചു
Wednesday, October 29, 2014 6:28 AM IST
മൈസൂര്‍: മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജ് ഗ്രൌണ്ടില്‍ ആരംഭിച്ച ഒന്‍പതാമത് കര്‍ണാടക റീജണല്‍ കാത്തലിക് യൂത്ത് കണ്‍വന്‍ഷന്‍ സമാപിച്ചു. സുവിശേഷത്തിന്റെ ആനന്ദം, വെളിച്ചമേകുവാനും ചൈതന്യമേകുവാനും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ നടന്നത്.
വെള്ളിയാഴ്ച ആഘോഷമായ സമൂഹബലിയോടെയാണു കണ്‍വന്‍ഷനു തുടക്കമായത്. മൈസൂര്‍ ബിഷപ് ഡോ.തോമസ് ആന്റണി വാഴപ്പള്ളി, കെസിബിസി യൂത്ത്കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്ഡോ.ഹെന്റി ഡിസൂസ,മാണ്ഡ്യ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും നിയുക്തതലശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് തുടങ്ങിയവരുടെ കാര്‍മികത്വത്തിലാണ് ദിവ്യബലി നടന്നത്.

ഇന്ത്യയുടെയും വത്തിക്കാന്റെയും കെസിബിസി യൂത്ത് കമ്മീഷന്റെയും പതാകകള്‍ അനാവരണം ചെയ്താണ് കണ്‍വന്‍ഷന് ഔദ്യോഗികമായി തുടക്കമായത്. മൈസൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യുമന്ത്രി ശ്രീനിവാസ പ്രസാദ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര-സാങ്കേതിക മേഖലകളിലും മറ്റും ലോകം വന്‍ കുതിപ്പു നടത്തിയിട്ടുണ്െടങ്കിലും യുവജനങ്ങളില്‍ ഒരുതരം നിരാശ പ്രകടമാണെന്നു മന്ത്രി പറഞ്ഞു. മദര്‍തെരേസയുടെ സേവനങ്ങളെ അനുസ്മരിച്ച മന്ത്രി, ക്രൈസ്തവ മതം ലോകത്തിന്റെ പ്രകാശമാണെന്നും രാജ്യത്തു സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ മഹത്തായ സേവനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കി. ചടങ്ങില്‍ കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.ഹെന്റി ഡിസൂസ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ യുവജനങ്ങള്‍ക്കിടയില്‍ നേതൃനിര ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്രീയം, ഭരണം, കാര്‍ഷികം തുടങ്ങി സമസ്ത മേഖലകളിലും യുവജനങ്ങളുടെ സാന്നിധ്യമുണ്ടാകണം. ജീവിതത്തിന്റെയും തൊഴിലിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നവരും എല്ലാ മതങ്ങളോടും ബഹുമാനമുള്ളവരുമായിരിക്കണം യുവജനങ്ങള്‍. യുവജനങ്ങള്‍ പ്രത്യാശയുടെ നേതാക്കളായിരിക്കണം. -ബിഷപ് ഡോ.ഹെന്റി ഡിസൂസ ചൂണ്ടിക്കാട്ടി.

മൈസൂര്‍ ബിഷപ് ഡോ.തോമസ് ആന്റണി വാഴപ്പള്ളി, എംഎല്‍എമാരായ ഐവാന്‍ ഡിസൂസ, എം.കെ.സോമശേഖര്‍, മൈസൂര്‍ രൂപത വികാരിജനറാള്‍ ഫാ.മേരി ജോസഫ്, സിബിസിഐ ദേശീയ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.ഫ്രാങ്ക്ളിന്‍ ഡിസൂസ, സിസിബിഐ നാഷണല്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.ഏലിയാസ് ഒഎഫ്എം, ഐസിവൈഎം നാഷണല്‍ കൌണ്‍സില്‍ ഉപദേഷ്ടാവ് റെയ്മണ്ട് ഡിസൂസ, മൈസൂര്‍ രൂപത യുവജന കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ആന്റണി രാജ്, സിസ്റര്‍ ഐറിന്‍ തൌറോ, ഫാ.കെ.എ.വില്യം, ഫാ.ലെസ്ളി മോറസ്, ഫാ.ബര്‍ണാഡ് പ്രകാശ്, ഫാ.മാര്‍ട്ടിന്‍, ഫാ.ആന്റണി റോബര്‍ട്ട് തുടങ്ങിയവര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മന്ത്രി ശ്രീനിവാസ പ്രസാദിനെയും മൈസൂര്‍ എംഎല്‍എ എം.എന്‍.സോമശേഖറിനെയും ആദരിച്ചു. കര്‍ണാടകയിലെ 14 രൂപതകളില്‍നിന്നായി 1400 യുവജനങ്ങളാണു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കണ്‍വന്‍ഷന്റെ ഭാഗമായി സെമിനാറുകള്‍, ചര്‍ച്ചകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ നടക്കുന്നുണ്ട്.