ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു
Wednesday, October 29, 2014 4:50 AM IST
ഷിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ കാവല്‍ പിതാവും മലങ്കര സഭയുടെ മഹാ പരിശുദ്ധനുമായ പരുമല തിരുമേനിയുടെ നൂറ്റിപ്പന്ത്രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 24 മുതല്‍ 26 വരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കത്തീഡ്രലില്‍ ആചരിച്ചു.

24-ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് നടന്ന സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് നയിച്ച പെരുന്നാള്‍ ഒരുക്ക ധ്യാനത്തോടുകൂടി പരിപാടികള്‍ ആരംഭിച്ചു. 25-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് ആഘോഷപൂര്‍വ്വമായ കൊടിയേറ്റ് നടന്നു. സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും പ്രസംഗവും നടന്നു. 26-ന് ഞായറാഴ്ച രാവിലെ 8.30-ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും വികാരി ഫാ. ദാനിയേല്‍ ജോര്‍ജിന്റെ സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന, പരിശുദ്ധന്റെ നാമത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും നടന്നു.

മലങ്കര സഭയ്ക്ക് ലഭിച്ച വലിയ ദാനമാണ് പരിശുദ്ധ പരുമല തിരുമേനിയെന്നും, ദൈവത്താല്‍ വേര്‍തിരിക്കപ്പെട്ട്, വചനത്താലും, രക്തത്താലും ആത്മാവിനാലും വിശുദ്ധീകരിക്കപ്പെട്ട് മലങ്കര സഭയ്ക്ക് എന്നും വിശുദ്ധനായി ജീവിക്കുന്ന ആ പരിശുദ്ധന്റെ ഓര്‍മ്മ നമുക്ക് എന്നും അനുഗ്രഹത്തിന് നിദാനമായിത്തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും, ആ വിശുദ്ധന്റെ മധ്യസ്ഥതയ്ക്കും അനുഗ്രഹത്തിനും കൃപകള്‍ക്കും മുഖാന്തിരമായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും പ്രസംഗത്തില്‍ അഭി. അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

കുരിശ്, കൊടി, മുത്തുക്കുടകള്‍, ചെണ്ട-വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന റാസയില്‍ പ്രാര്‍ത്ഥനയിലും പെരുന്നാള്‍ ഗീതങ്ങള്‍ ആലപിച്ച് ഭക്തജനങ്ങള്‍ പങ്കെടുത്തു. കുരിശടിയില്‍ പ്രാര്‍ത്ഥന നടത്തി ദേവാലയത്തിലെത്തിയ വിശ്വാസികള്‍ക്ക് മെത്രാപ്പോലീത്ത വാഴ്വ് നല്‍കി അനുഗ്രഹിച്ചു. തുടര്‍ന്ന് മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ പെരുന്നാള്‍ സദ്യ നടത്തപ്പെട്ടു. മൂന്നു ദിവസങ്ങളിലായി വമ്പിച്ച ജനാവലി പെരുന്നാളിലും അനുബന്ധ പരിപാടികളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുകയുണ്ടായി.

ഇതിനുവേണ്ടി ഫാ. ദാനിയേല്‍ ജോര്‍ജ്, തോമസ് സ്കറിയ, ഏലിയാമ്മ പുന്നൂസ്, ഷിബു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം