ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും
Tuesday, October 28, 2014 6:58 AM IST
ഡാളസ് (ടെക്സസ്): ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാളും ഇടവക കണ്‍വന്‍ഷനും ഭക്തിനിര്‍ഭരമായി വിവിധ പരിപാടികളോടെ ആചരിക്കുന്നു.

ഒക്ടോബര്‍ 26-ന് (ഞായര്‍) വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി റവ.ഫാ. സി.ജി.തോമസ് തിരുനാള്‍ കൊടിയേറ്റി പെരുന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറി ച്ചു. തുടര്‍ന്ന് എല്ലാ ദിവസവും വൈകിട്ട് ഏഴു മുതല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ഥനനയും പരിശുദ്ധന്റെ പേരില്‍ പ്രത്യേക മധ്യസ്ഥപ്രാര്‍ഥനകളുമുണ്ടായിരിക്കും. അതോടൊപ്പം നാനാജാതിമതസ്ഥര്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ടു വരെ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രഫസറും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ റവ.ഫാ. ബ്ളസ്സണ്‍ വര്‍ഗീസ് മുഖ്യകാര്‍മികത്വം വഹിക്കും.

നവംബര്‍ ഒന്നിന് (ശനി) രാവിലെ ഡാളസ് ഏരിയായിലെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ സംയുക്തമായി നടത്തുന്ന പ്രത്യേക ആരാധനയും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ യുവജനങ്ങള്‍ക്കായി പ്രത്യേക യോഗവും വൈകുന്നേരം 6.30-ന് സന്ധ്യാനമസ്കാരവും കണ്‍വന്‍ഷനും നടക്കും.

പ്രധാന പെരുനാള്‍ ദിനമായ നവംബര്‍ രണ്ടിന് (ഞായര്‍) രാവിലെ പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് റവ.ഫാ. ബ്ളസണ്‍ വര്‍ഗീസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും വചനപ്രഘോഷണവും മധ്യസ്ഥപ്രാര്‍ഥനയും തുടര്‍ന്ന് പരമ്പരാഗത രീതിയിലുള്ള റാസയും സ്നേഹവിരുന്നും നടക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ പരുമല എന്ന അറിയപ്പെടുന്ന ഈ ദേവാലയത്തിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്ത്യാദരപൂര്‍വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംയുക്തമായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. സി.ജി. തോമസ് (469 499 6559), സോണി അലക്സാണ്ടര്‍ (സെക്രട്ടറി) 214 326 2583, ടിജി തോമസ് (ട്രഷറര്‍) 972 339 0424.