ചേമഞ്ചേരി കൂട്ടായ്മ എട്ടാം വാര്‍ഷികം ആഘോഷിച്ചു
Monday, October 27, 2014 7:07 AM IST
റിയാദ്: റിയാദിലെ ചേമഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ ഇലാഫ് എട്ടാമത് വാര്‍ഷികവും ഈദ് സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബത്ഹയിലെ ഷിഫാ അല്‍ജസീറ ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ നിയാസ് ഉമര്‍ ഉദ്ഘാടനം ചെയ്തു. ഡോ. പോള്‍ തോമസ് ദാമ്പത്യ ജീവിതത്തെ കുറിച്ച് നടത്തിയ ക്ളാസും ചോദ്യോത്തര പരിപാടിയും സദസിന് ഏറെ ഉപകാരപ്രദമായി. പരസ്പരം തുറന്ന് സംസാരിക്കുകയും പോസിറ്റീവ് ആയ കാര്യങ്ങളില്‍ അന്യോന്യം പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നത് ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യ രക്ഷാധികാരി ടി.എം അഹമ്മദ് കോയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിഹാബ് കൊട്ടുകാട് നോര്‍ക്കയുടെ പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഉബൈദ് എടവണ്ണ. അക്ബര്‍ വേങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫസല്‍ റഹ്മാന്‍ സ്വാഗതവും റാശിദ് ദയ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍