കുവൈറ്റില്‍ വിസ്ഡം രാജ്യാന്തര ഉദ്ഘാടനം ഒക്ടോബര്‍ 31 ന്
Monday, October 27, 2014 7:06 AM IST
കുവൈറ്റ്: ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി കേരളത്തിലെ മുജാഹിദ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന 'വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ' രാജ്യാന്തര ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ 31ന് വൈകുന്നേരം നാലിന് കുവൈറ്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച നടക്കുന്ന രാജ്യാന്തര ഉദ്ഘാടന സമ്മേളനത്തില്‍ കുവൈറ്റ് പെട്രോളിയം മന്ത്രി ഡോ. അലി അല്‍ ഉമൈര്‍, കുവൈറ്റ് ഔഖാഫ് മന്ത്രാലയ ത്തിലെ കള്‍ച്ചറല്‍ അഫേഴ്സ് വിഭാഗം അസി. അണ്ടര്‍ സെകട്ടറി ഷേഖ് ദാവൂദ് അല്‍ അസൂസി, ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അല്‍ ഇസ്ലാമി ചെയര്‍മാന്‍ ഷേഖ് ത്വാരിഖ് സാമി സുല്‍ത്താന്‍ അല്‍ ഈസ, ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അല്‍ ഇസ്ലാമി ഇന്ത്യന്‍ കോണ്ടിനന്റല്‍ കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുത്വൈരി, കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍, കേരള കൃഷി മന്ത്രി കെ.പി.മോഹനന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടി.സിദ്ധീഖ്, ഫിമ പ്രസിഡന്റ് സിദ്ധീഖ് വലിയകത്ത് തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും.

ഫൈസുള്ള മദനി (കര്‍ണാടക) ഉര്‍ദുവിലും ദുബായ് ഗവണ്‍മെന്റ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അഥോറിറ്റി പ്രതിനിധി അര്‍ഷദ് ഖാന്‍ ഇംഗ്ളീഷിലും പ്രഭാഷണം നടത്തും. പി.എന്‍.അബ്ദുള്‍ ലത്തീഫ് മദനി, കുഞ്ഞി

മുഹമ്മദ് മദനി പറപ്പൂര്‍, ഹാരിസ് ബിന്‍ സലീം, സി.എം. സാബിര്‍ നവാസ് മദനി തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും. തുടര്‍ന്ന് പ്രമുഖ വാഗ്മിയും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും നിരവധി പ്രഭാഷണം നടത്തിയ മുജാഹിദ് ബാലുശേരി സമാപനപ്രസംഗം നടത്തും.

സമൂഹത്തില്‍ നന്മയുടെ പ്രചാരണം ശക്തമാക്കുവാനും സാമൂഹിക ദുരാചാരങ്ങള്‍ക്കും തീവ്രവാദ വര്‍ഗീയ ചിന്തകള്‍ക്കുമെതിരെ സമൂഹ മനസാക്ഷിയെ ഐക്യപ്പെടുത്തുവാനും സംഘടിപ്പിക്കുന്ന 'വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ' ഒന്നാം ഘട്ട പ്രവര്‍ത്തന പദ്ധതികളാണ് ഇപ്പോള്‍ സംഘടിപ്പിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന വിസ്ഡം മിഷന്‍, മേയ് എട്ടിന് കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി സൌദി രാജകുമാരന്‍ എച്ച്.ആര്‍.എച്ച്. ഫൈസല്‍ ബിന്‍ മുസാഇദ് ബിന്‍ സൌദ് ബിന്‍ അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തതോടെയാണ് തുടക്കം കുറിച്ചത്.

ചെറിയ കുട്ടി മുതല്‍ വയോവൃദ്ധരുള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കാളിയാകുവാന്‍ സഹായിക്കുന്ന പ്രബോധന വിദ്യാഭ്യാസ സംസ്കരണ പദ്ധതികളാണ് വിസ്ഡം മുന്നോട്ട് വയ്ക്കുന്നത്. വ്യക്തിയുടെ വിശ്വാസ സംസ്കരണം മുതല്‍ രാജ്യത്തിന്റെ അഖണ്ഡതയും സാമൂഹിക വളര്‍ച്ചയും ഉണ്ടാകുന്ന വിധം വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ വിസ്ഡം ഭാഗമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പൌരധര്‍മ്മം, സാമൂഹികാവബോധം വളര്‍ത്തിയെടുക്കല്‍, കുടുംബ ബന്ധങ്ങളുടെ പവിത്രത, ചൂഷണ മുക്തമായ മതപ്രബോധനം, വിദ്യാഭ്യാസം പ്രചാരണവും വികസനവും, തൊഴില്‍ കടമകളും അവകാശങ്ങളും, സ്ത്രീ സുരക്ഷയും സ്വാതന്ത്യ്രവും അക്രമരഹിത സമൂഹം, പലിശ രഹിത സമ്പദ് വ്യവസ്ഥ, പരിസ്ഥിത സംരംക്ഷണം തുടങ്ങിയ മേഖലകളിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും മനഃശാസ്ത്ര മാനവിക പഠനങ്ങളും എങ്ങനെ വ്യവസ്ഥാപിതമായി നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താമെന്നും ധര്‍മവീഥിയില്‍ ഉള്‍പ്പെടുത്താമെന്നുമുള്ള ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് വിസ്ഡം.

മൌലികമായ ഒരേ ആദര്‍ശത്തിനുവേണ്ടി പ്രയത്നിക്കുന്ന അനവധി നിരവധി കൂട്ടായ്മകളെ അടുത്തറിയാനും യോജിപ്പിന്റെ മേഖലകളെ കണ്െടത്താനും സ്വയം നവീകരിക്കാനും ഗുണപരമായ ചലനങ്ങളില്‍ ഭാഗവാക്കാവാനും സാധിക്കുന്ന പദ്ധതികള്‍ സംഘടിപ്പിക്കും.

അശരണരേയും ആലബഹീനരേയും രോഗങ്ങളും പരീക്ഷണങ്ങളും കൊണ്ട് തീക്ഷ്ണമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുമ്പില്‍ വാടിക്കരിഞ്ഞു പോയവരേയും കണ്െടത്തി ഉദാരമനസ്കരുടെ സഹായത്തോടെ മനസിനും ജീവിതത്തിനും പുതുവെളിച്ചം നല്‍കാനുള്ള സഹായസം രംഭങ്ങള്‍ നടപ്പിലാക്കും.

ഇസ്ലാമിന്റെ സന്ദേശം മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നതിനുവേണ്ടിയുള്ള വിസ്ഡം റൂട്സ്, പ്രധാന നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന എന്‍ലൈറ്റനിംഗ് കോണ്‍ഫറന്‍സ്, ശാസ്ത്രീയവും സംഘടിതവുമായ പൊതുപ്രവര്‍ത്തനത്തിന് പ്രാപ്തമായ തലമുറയെ വാര്‍ത്തെടുക്കുന്ന വിസ്ഡം സ്കൂള്‍ തുടങ്ങിയ പദ്ദതികള്‍ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടത്തിവരുന്നു.

വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി ഡിസംബര്‍ 21 ന് തൃശൂരില്‍ ക്യൂഎച്ച്എല്‍എസ് സംസ്ഥാന സംഗമവും ദേശീയ വിദ്യാര്‍ഥി സമ്മേളനം പ്രോഫ് കോണ്‍ 2015 ഫെബ്രുവരി 13,14,15 തീയതികളില്‍ കാസര്‍ഗോട്ടും നടക്കും.

പത്രസമ്മേളനത്തില്‍ പി.എന്‍.അബ്ദുള്‍ ലത്തീഫ് മദനി (ചെയര്‍മാന്‍ സി.എം.സാബിര്‍ നവാസ് മദനി (കോ ഓര്‍ഡിനേറ്റര്‍ വിസ്ഡം ഗ്ളോബല്‍ മിഷന്‍, കേരള), ടി.പി.മുഹമ്മദ് അബ്ദുള്‍ അസീസ് (ജനറല്‍ കണ്‍വീനര്‍, സ്വാഗത സംഘം), സക്കീര്‍ കൊയിലാണ്ടി (കണ്‍വീനര്‍, വിസ്ഡം), മുഹമ്മദ് അസ്ലം കാപ്പാട് (കണ്‍വീനര്‍, ഇസ്കോണ്‍), എ.എം.അബ്ദുസമദ് (വൈസ് പ്രസിഡന്റ്, കെകെഐസി), സുനാഷ് ഷുക്കൂര്‍ (കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി), ടി.പി. അന്‍വര്‍ (കണ്‍വീനര്‍, പബ്ളിക് റിലേഷന്‍) എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍