മര്‍ത്തോമ, സിഎസ്ഐ, സിഎന്‍ഐ സഭാ ഐക്യ പ്രാര്‍ഥനാദിനം നവംബര്‍ ഒമ്പതിന്
Monday, October 27, 2014 7:05 AM IST
ന്യൂയോര്‍ക്ക്: സഭകള്‍ തമ്മിലുളള ഐക്യബന്ധം നിലനിര്‍ത്തുന്നതിനും ദൌത്യ നിര്‍വഹണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും സഹായകരമായ പരിപാടികള്‍ ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ എല്ലാ വര്‍ഷവും നവംബര്‍ രണ്ടിന് (ഞായര്‍) ആചരിക്കുന്ന ഐക്യ പ്രാര്‍ഥനാദിനം ഈ വര്‍ഷം നവംബര്‍ ഒമ്പതിന് നടക്കും.

നോര്‍ത്ത് അമേരിക്ക ഭദ്രാസനം ഉള്‍പ്പെടെ മാര്‍ത്തോമ, സിഎസ്ഐ, സിഎന്‍ഐ ചര്‍ച്ചുകളില്‍ അന്നേ ദിവസം പ്രത്യേക പ്രാര്‍ഥനകളും ഐക്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുളള വചന ഘോഷണവും ഉണ്ടായിരിക്കും. സാധ്യമായ സ്ഥലങ്ങളില്‍ സിഎസ്ഐ, സിഎന്‍ഐ മാര്‍ത്തോമ ഇടവക ജനങ്ങളുടെ ഒരുമിച്ചുളള ആരാധന, വിശുദ്ധ കുര്‍ബാന, പട്ടക്കാരുടെ പുള്‍പിറ്റ് എക്സ്ചേഞ്ച് ഐക്യ പ്രാര്‍ഥന കൂട്ടങ്ങള്‍ എന്നിവ ക്രമീകരിക്കുന്നതിന് ശ്രമിക്കണമെന്ന് ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത ഉദ്ബോധിപ്പിച്ചു.

ക്രൈസ്തവ സഭയില്‍കൂടെ നിര്‍വഹിക്കപ്പെടുന്ന പ്രേക്ഷിത പ്രവര്‍ത്തനം പൂര്‍വാധികം ഫലപ്രദമായി തീരുന്നതിനും സഭാ ഐക്യത്തിനായുളള പരിശ്രമങ്ങള്‍ മുഖാന്തരം കൂടുതല്‍ വിശാലതയും വിശ്വദര്‍ശനവും ഉള്‍ക്കൊളളുന്നതിനും വിശ്വ സാഹോദര്യത്തിന്റെ മാനങ്ങള്‍ ഉള്‍ക്കൊണ്ട് സൃഷ്ടി സമഗ്രതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് മെത്രാപോലീത്തയുടെ പ്രത്യേക സന്ദേശത്തില്‍ പറയുന്നു.

സിഎസ്ഐ, സിഎന്‍ഐ സഭകളില്‍ വനിതാ പൌരോഹിത്യം അനുവദിക്കുകയും വനിതകള്‍ പട്ടത്വ ശ്രുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വനിതാ പൌരോഹിത്യം അനുവദിക്കാത്ത മാര്‍ത്തോമ സഭയില്‍, പുള്‍പിറ്റ് എക്സചേഞ്ചിന്റെ പേരില്‍ വനിതാ പട്ടക്കാര്‍ക്ക് കുര്‍ബാന അനുവദിക്കുവാന്‍ അവസരം ലഭിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍