ചൊവ്വയിലേക്ക് താമസം ആഗ്രഹിക്കുന്നവര്‍ക്ക് ലൈംഗിക ജീവിതവും സന്താനോത്പാദനവും അസാധ്യമെന്നു ശാസ്ത്ര ലോകം
Monday, October 27, 2014 7:01 AM IST
ഡാളസ്: ഡച്ച് കമ്പനിയായ മാര്‍സ് വണ്‍ ചൊവ്വയിലേക്ക് താമസക്കാരെ അയയ്ക്കാനുളള പദ്ധതിക്ക് തുടക്കമിടാനിരിക്കെ, ആശങ്കാജനകമായ വാര്‍ത്ത അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ചൊവ്വയെന്ന ചുവന്ന ഗ്രഹത്തെ താമസയോഗ്യമായ കോളനിയാക്കാന്‍ സാധിച്ചാല്‍ പോലും അവിടെ ലൈംഗിക ജീവിതവും സന്താനോത്പാദനവും നടക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച് പറയുന്നത്.

ഭൂഗുരുത്വാകര്‍ഷണത്തില്‍ വരുന്ന വലിയ വ്യതിയാനവും ഉയര്‍ന്ന റേഡിയേഷനും ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഭൂഗുരുത്വബലം പൂജ്യമാവുന്ന സാഹചര്യത്തില്‍ സന്താനോത്പാദനം അസാധ്യമാണെന്നാണ് ശാസ്ത്ര നിഗമനം. ഉയര്‍ന്ന റേഡിയേഷന്‍ അണ്ഡോത്പാദനത്തെയും ബീജോത്പാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്.

കണ്ണുകളാണ് റേഡിയേഷന്‍ മൂലം പെട്ടെന്ന് തകരാറിലാവുന്ന മറ്റൊരു അവയവം.
ഭൂഗുരുത്വാകര്‍ഷണമില്ലാത്ത സാഹചര്യത്തില്‍ ഭ്രൂണത്തിനു വളരാന്‍ സാധിക്കുമോ എന്ന് കണ്െടത്തേണ്ടതുണ്െടന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

എന്തായാലും മാര്‍സ് വണ്‍ കമ്പനി 2024 ല്‍ ആള്‍ക്കാരെ ചൊവ്വ ഗ്രഹത്തില്‍ താമസിപ്പിക്കാനുള്ള ശുഭപ്രതീക്ഷയുമായി മുന്നോട്ടു പോകുകയാണ്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ