വേങ്ങര സ്വദേശി റിയാദില്‍ റോഡപകടത്തില്‍ മരിച്ചു
Monday, October 27, 2014 4:58 AM IST
റിയാദ്: ഞായറാഴ്ച സുലൈ എക്സിറ്റ് 17 നടുത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര പൂച്ചോലമാട് സ്വദേശി മാണിത്തൊടിക റഷീദ് എന്ന കുഞ്ഞുട്ടി (28) മരണമടഞ്ഞു. സഹോദരന്‍ നജുമുദ്ദീന്റെ കടയിലേക്ക് സാധനങ്ങളുമായി ഹൈവേയിലൂടെ പോവുകയായിരുന്ന റഷീദ് ഓടിച്ചിരുന്ന വാന്‍ പോക്കറ്റ് റോഡില്‍ നിന്നും പെട്ടെന്ന് കയറി വന്ന വെള്ളടാങ്കറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റഷീദ് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു.

പരേതനായ മാണിത്തൊടിക മൊയ്തീന്‍ കുട്ടി ഹാജിയുടേയും മൈമൂനയുടേയും മകനാണ്. 7 വര്‍ഷമായി റിയാദിലുള്ള റഷീദ് ആറ് മാസം മുന്‍പാണ് നാട്ടില്‍ അവധിക്ക് പോയി വന്നത്. രണ്ട് വര്‍ഷം മുന്‍പ് വിവാഹിതനായ റഷീദിന്റെ ഭാര്യ ഫസീല. മക്കളില്ല. നജ്മുദ്ദീനെ കൂടാതെ ഇപ്പോള്‍ അവധിക്ക് നാട്ടിലായ റംഷാദ്, നിസ്സാര്‍ എന്നീ സഹോദരന്‍മാരും റിയാദില്‍ കൂടെ ജോലി ചെയ്യുന്നു. മുന്‍പ് റിയാദില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാഫിയും സൈഫുന്നീസ്സയും മറ്റ് സഹോദരങ്ങളാണ്. അപകട വിവരമറിഞ്ഞ് ജിസാനില്‍ ജോലി ചെയ്യുന്ന സഹോദരീ ഭര്‍ത്താവ് ഇല്യാസ് റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.

സുലൈയിലുള്ള പ്രവാസികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ റഷീദിന്റെ ആകസ്മിക മരണം പ്രദേശത്തെയാകെ ദുഖത്തിലാഴ്ത്തി. സംഭവമറിഞ്ഞ ഉടനെ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ കോയയും ജീവകാരുണ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയും സംഭവസ്ഥലത്തെത്തി വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുകയാണെന്നും അതിനു വേണ്ട അനന്തര നടപടികള്‍ പുരോഗമിക്കുന്നതായും കൂടെ ജോലി ചെയ്യുന്ന കടലുണ്ടി സ്വദേശി കുഞ്ഞുമോന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍