ഷിഫ അല്‍ ജസീറ എക്സലന്‍സ് അവാര്‍ഡ് 2014: മമ്മൂട്ടിക്കും കമല്‍ഹാസനും ജോണ്‍ ബ്രിട്ടാസിനും പുരസ്കാരങ്ങള്‍
Monday, October 27, 2014 4:58 AM IST
റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ഇത്തവണ സിനിമാ കലാ സാംസ്കാരിക മാധ്യമ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മികവ് തെളിയിച്ച മമ്മൂട്ടി, കമല്‍ഹാസന്‍, ജോണ്‍ ബ്രിട്ടാസ് അടക്കം പതിനാല് പേര്‍ക്ക് ലഭിച്ചു. ഷിഫ അല്‍ ജസീറ എക്സലന്‍സ് അവാര്‍ഡിന്റെ പതിനഞ്ചാമത് പതിപ്പാണിത്. ഇന്ത്യന്‍ സിനിമയിലെ അഭിനയചക്രവര്‍ത്തിമാരായ പത്മശ്രീ ഡോ. മമ്മൂട്ടി, പത്മഭൂഷണ്‍ കമല്‍ഹാസന്‍ എന്നിവരെ ഇത്തവണ പുരസ്കാരത്തിനായി അഭിമാന പുരസ്സരമാണ് തെരഞ്ഞെടുക്കുന്നതെന്ന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ള കുവൈത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇവരോടൊപ്പം പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ സി.എ.ഒ നികേഷ് കുമാര്‍, മീഡിയ വണ്‍ ചാനല്‍ മിഡിലീസ്റ്റ് ചീഫ് എം.സി.എ നാസര്‍, മലയാളം ന്യൂസ് ന്യൂസ് എഡിറ്റര്‍ സി.കെ ഹസ്സന്‍ കോയ, ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ലേഖകരായ അജയ്ഘോഷ്, ദീപു സോമശേഖരന്‍, ചന്ദ്രിക എഡിറ്റര്‍ സി.പി സെയ്തലവി, ഗള്‍ഫ് മാധ്യമം കവൈത്ത് ലേഖകന്‍ പി.പി ജുനൂബ്, കുവൈത്തിലെ ആതുരസേവന രംഗത്തെ പ്രമുഖനായ ഡോ. അമീര്‍, കുവൈത്തിലെ സാമൂഹ്യപ്രവര്‍ത്തകനായ സിദ്ദീഖ് വലിയകത്ത്, ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായി, സൌദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടി എന്നിവരേയും ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടു.

ഡിസംബര്‍ അഞ്ചിന് അബൂദാബിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മമ്മൂട്ടി, കമല്‍ഹാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഷിഫ അല്‍ജസീറ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2015 മാര്‍ച്ച് 20 ന് കുവൈത്തില്‍ നടക്കുന്ന ചടങ്ങിലാണ് മറ്റുള്ളവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. കുവൈത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ള, ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.ടി റബീഉള്ള എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. സാംസ്കാരിക സമ്മേളനത്തോടൊപ്പം പ്രശസ്ത പിന്നണി ഗായകരായ അഫ്സല്‍, ജ്യോത്സ്ന, കലാഭവന്‍ സാബു, യുവഗായിക കീര്‍ത്തന എന്നിവരുടെ സംഗീതനിശയും അരങ്ങേറും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍