മീന വാര്‍ഷിക വിരുന്ന് 2014 നവംബര്‍ എട്ടിന്
Monday, October 27, 2014 4:56 AM IST
ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) ഇരുപത്തിരണ്ടാം വാര്‍ഷിക വിരുന്ന് 2014 നവംബര്‍ എട്ടിന് ശനിയാഴ്ച വൈകിട്ട് 5.30-ന് ഓക് ബ്രൂക്കിലുള്ള ഹോളിഡേ ഇന്നില്‍ വെച്ച് നടത്തുന്നു. വടക്കേ അമേരിക്കയിലെ മലയാളികളായ എല്ലാ എന്‍ജിനീയര്‍മാരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന പ്രത്യേക ദൌത്യവുമായി 1992-ല്‍ ഔദ്യോഗീകമായി ആരംഭിച്ച ഒരു സംഘടനയാണ് മീന. പ്രൊഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും കലാ-സാംസ്കാരിക മേഖലകളില്‍ പരസ്പരം ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും സാംസ്കാരിക സമ്മേളനം, ശൃംഖലാ കൂടിക്കാഴ്ചകള്‍ തുടങ്ങിയവയ്ക്ക് മീന വേദിയൊരുക്കുന്നു. അര്‍ഹരായ എന്‍ജീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പടെയുള്ള പുരോഗമനപരമായ പല ദൌത്യങ്ങള്‍ മീന ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിവേഗം വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന എന്‍ജീനിയറിംഗ്, വിവിരസാങ്കേതിക മേഖലകളിലേക്ക് വിദഗ്ധമായ പരിശീലനം ലഭിച്ച സമര്‍ത്ഥരായ എന്‍ജീനിയര്‍മാരെ വാര്‍ത്തെടുക്കുക വഴി, മനുഷ്യസമൂഹത്തിന്റെ പൊതു നന്മയ്ക്കായി പ്രവര്‍ത്തിക്കുക എന്നതാണ് മീനയുടെ ഏറ്റവും വലിയ ലക്ഷ്യം.

എന്‍ജിനീയറിംഗ് സാങ്കേതിക വിദ്യയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ മലയാളി എന്‍ജീനിയര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് “എന്‍ജിനീയര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം മീന എല്ലാവര്‍ഷവും നല്‍കി ആദരിച്ചുവരുന്നു. ശ്രീ. ജെ.പി. ബാലകജൃഷ്ണനാണ് ഈവര്‍ഷത്തെ പുരസ്കാരം നല്‍കുന്നത്. വിവര സാങ്കേതിക വിദ്യയില്‍ 23 വര്‍ഷത്തെ സേവന പരിചയമുള്ള അദ്ദേഹം ഇന്‍ഫോസിസിന്റെ ക്ളൌഡ് സെക്ഷന്‍ വൈസ് പ്രസിഡന്റായും, സി.ടി.ഒ ആയും സേവനം അനുഷ്ഠിക്കുന്നു. ഡോ. ആന്റണി സത്യദാസ് ആണ് വാര്‍ഷിക വിരുന്നിന്റെ മുഖ്യാതിഥി. ഐ.ബി.എമ്മിന്റെ ആഗോള നേതൃനിരയിലുള്ള ഇദ്ദേഹം മീനയുടെ മുന്‍കാല “എന്‍ജിനീയര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം നേടിയിട്ടുണ്ട്. നബ്രാസ്ക യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രൊഫസര്‍ ആയി വിരമിച്ച ഡോ. നിര്‍മ്മല്‍ ബ്രിട്ടോ ആണ് മുഖ്യ സന്ദേശം നല്‍കുന്നത്.

എന്‍ജിനീയറിംഗ് മേഖലയിലുള്ളവരെ പരിചയപ്പെടുത്തുക, ജനങ്ങള്‍ക്ക് പ്രയോജനകരമായ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുക തുടങ്ങിയവയ്ക്കായി മീന നടത്തുന്ന ഈ വാര്‍ഷിക വിരുന്നില്‍ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഭിക്ഷണവും ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലുള്ള എല്ലാ എന്‍ജിനീയര്‍മാരേയും കുടുംബ സമേതം മീന ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നാരായണന്‍ നായര്‍ (പ്രസിഡന്റ്) 847 366 6785, ഏബ്രഹാം ജോസഫ് (സെക്രട്ടറി) 847 302 1350, സാബു തോമസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 630 890 5045. ഫിലിപ്പ് മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം