ഷിക്കാഗോ സെന്റ് മേരീസില്‍ വൈദീകര്‍ക്ക് യാത്രയപ്പ് നല്‍കി
Sunday, October 26, 2014 4:25 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ വൈദീകര്‍ക്ക് ഹൃദ്യമായ യാത്രയപ്പ്. 2003 മുതല്‍ ക്നാനായ മിഷനിലും തുടര്‍ന്ന് 2010 മുതല്‍ ഇടവകയിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച വികാരി ഫാ. എബ്രഹാം മുത്തോലത്തിനും 2012 മുതല്‍ അസിസ്റന്റ്റ് വികാരിയായി സേവനം അനുഷ്ഠിച്ച ഫാ. സിജു മുടക്കോടിയിലിനും നല്‍കിയ യാത്രയപ്പ് വികാരഭരിതമായിരുന്നു.

ഞായറാഴ്ച രാവിലെ ഇരു വൈദീകരും ചേര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം പാരീഷ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ കൂടിയ സമ്മേളനത്തില്‍ ട്രസ്റി കോര്‍ഡിനേറ്റര്‍ ജിനോ കക്കാട്ടില്‍ ഇടവകയെ പ്രധിനിധീകരിച്ചു ഇരു വൈദീകരും ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു. തങ്ങളുടെ മറുപടി പ്രസംഗത്തില്‍ ഇക്കാലമത്രെയും ഇടവകയോടും വൈദീകരോടും സഹകരിച്ചു പ്രവര്‍ത്തിക്കുകയും, കേവലം ഒരു മിഷന്‍ എന്ന നിലയില്‍ നിന്നും ക്നാനായ സമുദായത്തിലെതന്നെ ഏറ്റവും വലിയ ഒരു ഇടവകയായി സെന്റ് മേരീസ് ഇടവകയെ ഉയര്‍ത്തുവാന്‍ യത്നിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു. ഫാ.എബ്രഹാം മുത്തോലത്ത് ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക വികാരിയായും ഫാ. സിജു മുടക്കോടില്‍ ലോസാഞ്ചലസ് ഇടവക വികാരിയുമായാണ് സ്ഥലം മാറി പോകുന്നത്. ഞായറാഴ്ച വൈകിട്ട് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് ഒരു യാത്രയപ്പ് ഡിന്നറും സംഘടിപ്പിക്കുകയുണ്ടായി.

തദവസരത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ വൈദീകര്‍ക്കൊപ്പം സ്ഥലം മാറി പോവുന്ന സേക്രട്ട് ഹാര്‍ട്ട് ഇടവക വികാരി ഫാ. സജി പിണര്‍കയിലിനെയും ആദരിച്ചു. ഇടവകയെ പ്രധിനിധീകരിച്ചു പാരീഷ്ട്രഷറാര്‍ ജോയിസ് മറ്റത്തിക്കുന്നേല്‍ പ്രസംഗിച്ചു. യാത്രയപ്പ് പരിപാടികള്‍ക്ക് പാരീഷ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി