ബ്ളൂസ്റാര്‍ സോക്കര്‍ ഫെസ്റ് 2014: ആദ്യ ജയം നാദക് ബ്ളൂസ്റാര്‍ 'എ' ക്കും യുണൈറ്റഡിനും
Saturday, October 25, 2014 7:47 AM IST
ജിദ്ദ: ബ്ളൂ സ്റാര്‍ സ്പോര്‍ട്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ ആരംഭിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ നാദക് ബ്ളൂ സ്റാര്‍ എ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യംഗ് ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചു. രണ്ടാം മല്‍സരത്തില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് ഒരു ഗോളിന് യാസ് ക്ളബിനെ തോല്‍പ്പിച്ചു.

അത്യധികം വീറും വാശിയും കണ്ട ആദ്യ മത്സരത്തിന്റെ ഒന്നാം പകുതിയില്‍ മികച്ച ഒത്തിണക്കവും വേഗതയുംകൊണ്ട് യംഗ് ചലഞ്ചേഴ്സ് കരുത്തരായ ബ്ളൂ സ്റാറിനെ ശരിക്കും വിറപ്പിക്കുക തന്നെ ചെയ്തു. എന്നാല്‍ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ബ്ളൂസ്റാര്‍ ഫൈസല്‍ മുള്ളിയാകുര്‍ശി, അബ്ദുള്‍ മജീദ് കരിങ്കല്ലതാണി എന്നിവര്‍ നേടിയ രണ്ടുഗോളുകളിലുടെ നാദക് ടൂര്‍ണമെന്റിലെ ആദ്യ വിജയം തങ്ങളുടെ പേരിലാക്കുകയായിരുന്നു. ഒരുപെനാല്‍ട്ടി കിക്കടക്കം കൈപിടിയിലൊതുക്കിയ യംഗ് ചലഞ്ചേഴ്സ് ഗോള്‍കീപ്പര്‍ ജുനൈദ്, ഷംസീര്‍, രാജന്‍ ബ്ളൂസ്റാറിനു വേണ്ടി മുസ്തഫ ഒതുക്കുങ്ങല്‍, ബൈജു പെരിന്തല്‍മണ്ണ, ഷൈജല്‍ വാണിയമ്പലം എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

തുല്യശക്തികളുടെ പോരാട്ടം കണ്ട രണ്ടാം മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അബൂബക്കര്‍ തല്‍ഹത് അരങ്ങോടനാണ് യുണൈറ്റിനുവേണ്ടി ഗോള്‍ നേടിയത്.

സൌദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍താരം നജ്മുധീന്‍ മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ ബ്ളൂസ്റാര്‍ ക്ളബ് പ്രസിഡന്റ് അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. സിഫ് രക്ഷാധികാരി മുഹമ്മദലി മുസ്ലിയാരകത്ത് ആദ്യ കളിയിലും സിഫ്ഫ് വൈസ് പ്രസിഡന്റ് ബേബി നീലാംബ്ര, ഫാസില്‍ തിരൂര്‍, ജാഫറലി പാലക്കോട്, ഉസ്മാന്‍ ഇരുമ്പുഴി എന്നിവര്‍ രണ്ടാം മത്സരത്തിലും കളിക്കാരുമായി പരിചയപ്പെട്ടു.

ഷറഫിയ റീഗള്‍ മാള്‍ സ്പോണ്‍സര്‍ ചെയ്ത മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് യംഗ് ചലഞ്ചേഴ്സ് താരം അബുതാഹിര്‍ യുണൈറ്റഡ് താരം അബുബക്കര്‍ തല്‍ഹത് എന്നിവര്‍ അര്‍ഹരായി. മുന്‍ ഇന്ത്യന്‍ താരം നജ്മുദ്ദീന്‍ സിഫ് വൈസ് പ്രസിഡന്റ് ബേബി നീലാംബ്ര എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റില്‍ അടുത്തവാരം മുതല്‍ എല്ലാവ്യാഴാഴ്ച്ചകളിലും മൂന്ന് മല്‍സരങ്ങള്‍ വീതം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍