യുഎഇയിലെ വീക്ഷണം ഫോറം പ്രവര്‍ത്തകര്‍ ആഹ്ളാദത്തിമിര്‍പ്പില്‍
Friday, October 24, 2014 7:18 AM IST
അബുദാബി: യുഎഇയിലെ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ 30 ന് (വ്യാഴം) സ്വപ്ന സാഫല്യത്തിന്റെ സുദിനമാണ്. ഗള്‍ഫിലെ സംഘടനാ ചരിത്രത്തിലാദ്യമായി ഒരു സംഘടന, അംഗങ്ങളുടെ മാത്രം സാമ്പത്തിക ധനസമാഹരണത്തിലൂടെ ഒരു സ്ഥാപനം നാട്ടില്‍ ഏറ്റവും കുറഞ്ഞസമയം കൊണ്ട് പൂര്‍ത്തിയാക്കുക എന്ന ഖ്യാതി ഇനി വീക്ഷണം ഫോറം പ്രവര്‍ത്തകര്‍ക്ക് സ്വന്തം.

2011 ഏപ്രില്‍ 11ന് അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട ഇന്ദിരാഗാന്ധി സോഷ്യല്‍ റിസര്‍ച്ച് വെല്‍ഫെയര്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 30ന് (വ്യാഴം) രാവിലെ 9.30 ന് തൃശൂരിലെ അമലാനഗാറില്‍ നടക്കും. ഗവേഷണ പഠന കേന്ദ്രവും സി.പി. ശ്രീധരന്‍ മെമ്മോറിയല്‍ റിസര്‍ച്ച് ലൈബ്രറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ട്രസ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സി.പി. ശ്രീധരന്‍ മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനം, സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനും വനിതാഹോസ്റലിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും നിര്‍വഹിക്കും. മറ്റ് ഒട്ടനവധി നേതക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

1970 കളുടെ രണ്ടാം പകുതിയില്‍, അബുദാബി നിവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണു വീക്ഷണം റീഡേഴ്സ്ഫോറം. കടകളില്‍ നിന്നും വീക്ഷണം പത്രം വാങ്ങുന്നവരെ നോക്കി മനസിലാക്കി അവരുടെ ആദര്‍ശ നിലപാടുകളുടെ അടിസ്ഥാനത്തില്‍ അവരെ അംഗങ്ങളാക്കിയും തുടങ്ങിയ പ്രസ്ഥാനം ഇന്ന് വളര്‍ന്ന് വലിയൊരു തണല്‍ വൃക്ഷമായി മാറിയിരിക്കുന്നു. വീക്ഷണം പത്രത്തിന്റെ പ്രവര്‍ത്തനം സാമ്പത്തിക പരാധീനത മൂലം പ്രതിസന്ധിയിലായ അവസരത്തില്‍ ഇതിന്റെ മുഖ്യ രക്ഷാധികാരിയായിരുന്ന സി.പി. ശ്രീധരന്റെ നിര്‍ദേശപ്രകാരം പല തവണ തുക സമാഹരിച്ച് വീക്ഷണം പത്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് നയിച്ചത് സംഘടനയുടെ പ്രവര്‍ത്തകരാണ്. പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചവേളയില്‍ സംഘടനയുടെ പേര് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം എന്ന് മാറ്റി. മുപ്പത്തിയേഴ് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍, യുഎഇയിലെ സാംസ്കാരിക രംഗത്ത് തനതായ വ്യക്തിത്വംകാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞ ഒരു സംഘടനയാണ് ഇത്. ഒരു കേന്ദ്രകമ്മിറ്റിയും അബുദാബി, അല്‍ അഐന്‍, ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ യുണിറ്റ് കമ്മിറ്റികളുമായി പ്രവര്‍ത്തന വൈപുല്യത്തിന്റെ പുത്തന്‍ ഗീതികള്‍ രചിക്കുകയാണ് വീക്ഷണം ഫോറം ഇന്ന്.

കഴിഞ്ഞ 37വര്‍ഷങ്ങളായി യുഎഇ യില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ, പല കാലങ്ങളിലായി സംഘടനയുടെ മുന്‍നിരയിലും പിന്‍ നിരയിലും ആയി പ്രവര്‍ത്തിച്ചവരെ ഒരുമിച്ചു കൂട്ടി 2010ല്‍ തളിക്കുളം സ്നേഹ തീരത്തുള്ള നാലുകെട്ടില്‍ ഒരു സംഗമം നടത്തുകയുണ്ടായി. നാട്ടിലേക്ക് പലകാലങ്ങളിലായി മടങ്ങിയ ഏതാണ്െടല്ലാ പ്രവര്‍ത്തകരെയും ബന്ധപ്പെടുകയും നൂറിലധികം പ്രവര്‍ത്തകര്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. ഗള്‍ഫിലെ സംഘടനാപ്രവര്‍ത്തന ചരിത്രത്തിലെ ഒരു വ്യത്യസ്താനുഭവമായിരുന്നു അത്. അന്നത്തെ കൂടിച്ചേരലില്‍ ഉയര്‍ന്ന് വന്ന ഒരാശയമാണ് വീക്ഷണം ഫോറത്തിന്റെ ആദ്യകാല രക്ഷാധികാരിയും മാര്‍ഗദര്‍ശിയും ഉപദേശകനുമായിരുന്ന സി.പി.ശ്രീധരന്‍ സാറിന്റെ ഓര്‍മക്കായി ഒരു മന്ദിരവും അതോടനുബന്ധിച്ച് അംഗങ്ങളുടെ പങ്കാളിത്തത്തോടെ ഒരു സ്ഥാപനവും എന്ന ആശയം.

ആതീരുമാനം പ്രാവര്‍ത്തികമാക്കാന്‍ പി.ടി.തോമസ് (എക്സ് എംപി), ടി.എന്‍. പ്രതാപന്‍, എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളും ആര്‍.വി.മുഹമ്മദ് കുട്ടി ചെയര്‍മാനും മൂസ എടപ്പനാട് ജനറല്‍ സെക്രട്ടറിയും സുഭാഷ് ചന്ദ്രബോസ് ട്രഷറുമായി ഒരുകമ്മിറ്റി രൂപീകരിച്ചു.

അങ്ങനെ പ്രവര്‍ത്തകര്‍ മാത്രം അംഗങ്ങളായ 'ഇന്ദിരാഗാന്ധി സോഷ്യല്‍ റിസര്‍ച്ച് വെല്‍ഫെയര്‍ അന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്' എന്ന സ്വപ്ന പദ്ധതിക്ക് തൃശൂരിലെ അമലാനഗറില്‍ പുര്‍ത്തീകരണമായി. അതില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സി.പി.ശ്രീധരന്‍ മെമ്മോറിയല്‍ ലൈബ്രറിയും.

ഇതുപോലുള്ള സംരഭങ്ങള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് യുഎയിലെ വീക്ഷണം ഫോറം പ്രവര്‍ത്തകര്‍.കേരളത്തിലെ കോണ്‍ഗ്രസുകര്‍ മറന്ന് പോയ ആദര്‍ശനിഷ്ടനായ ഒരു പത്രപ്രവര്‍ത്തകനെ സ്മരിക്കുവാന്‍ വീക്ഷണം ഫോറം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണു അവര്‍.

30ന് (വ്യാഴം) നാട്ടിലുള്ള എല്ലാ പ്രവസി സുഹൃത്തുക്കളൂം ഈ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കണമെന്ന് വീക്ഷണം ഭാരവാഹികളായ, അബുദാബി യൂണിറ്റ് പ്രസിഡന്റ് സി.എം.അബ്ദുള്‍ കരീം, ജനറല്‍ സെക്രട്ടറി ടി.എം. നിസാര്‍ അല്‍ അഐന്‍ പ്രസിഡന്റ് കെ.കുമാര്‍, ജനറല്‍ സെക്രട്ടറി അബൂബക്കര്‍, അജ്മാന്‍ പ്രസിഡന്റ് എന്‍.യു. ശിവരാമന്‍, ജനറല്‍ സെക്രട്ടറി എ.എ.അലി, ഷാര്‍ജ പ്രസിഡന്റ് ടി.ജെ. ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി സി.ആര്‍. രഞ്ജിത് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള