അറബികളുടെ നന്മയാണ് കേരളത്തിന്റെ വികസനം: ലാലു അലക്സ്
Thursday, October 23, 2014 9:17 AM IST
റിയാദ്: അറബികളുടെ നന്‍മയും സന്‍മനസുമാണ് കൊച്ചു കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ വികസനങ്ങളുടേയും അടിത്തറയെന്നും നമ്മുടെ സാമ്പത്തിക ഭദ്രത ഗള്‍ഫ് മലയാളികളെ ആശ്രയിച്ചാണെന്നും പ്രശസ്ത സിനിമാ താരം ലാലു അലക്സ് അഭിപ്രായപ്പെട്ടു.

വിദേശി സമൂഹത്തില്‍ മലയാളികളോട് അറബികള്‍ക്ക് പ്രത്യേക താത്പര്യമാണെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അത് നഷ്ടപ്പെടുത്താതെ നോക്കാനുള്ള ബാധ്യത നമ്മുടേതാണെന്നും റിയാദിലെ എറണാകുളം ജില്ലാ അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ലാലു അലക്സ് പറഞ്ഞു.

അതിഥികളോട് പ്രത്യേക സ്നേഹം കാത്തു സൂക്ഷിക്കുന്നവരാണ് സൌദി പൌരന്‍മാര്‍. അതുകൊണ്ടു തന്നെ ഇവിടെ വരുന്ന ഏതെങ്കിലും കലാകാരന്‍മാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്െടങ്കില്‍ അത് നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങള്‍ കൊണ്ട് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദ്യമായി സൌദി അറേബ്യ സന്ദര്‍ശിക്കുന്ന തനിക്ക് എറണാകുളം ജില്ലാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ക്ഷണം ലഭിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും ലാലു അലക്സ് പറഞ്ഞു.

ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജീവിതം ആരംഭിച്ച തനിക്ക് സിനിമയില്‍ അവസരത്തിനായി പലരുടേയും സഹായം അഭ്യര്‍ഥിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതു വരെ സിനിമാഭിനയം ഒരു പ്രൊഫഷനായി കണ്ടിട്ടില്ല. സിനിമ എനിക്ക് ഒരു വികാരമാണ്. ജന്‍മസിദ്ധമായ കഴിവുകള്‍ ഉപയോഗപ്പെടുത്തി അതിഭാവുകത്വത്തിന്റെ അതിപ്രസരമില്ലാതെ അഭിനയിക്കുന്നതിനാലാകണം ജനങ്ങള്‍ക്കിടയില്‍ എനിക്ക് ഇന്നും അംഗീകാരം ലഭിക്കുന്നത്. എഴുപതുകളില്‍ സിനിമാഭിനയത്തിലേക്ക് വന്ന തനിക്ക് ഇപ്പോഴും അനുയോജ്യമായ വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. നായകവേഷം തനിക്കനുയോജ്യമല്ലെന്ന് പണ്േട തിരിച്ചറിഞ്ഞിട്ടുണ്ട്. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ച് ജനങ്ങളുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചിട്ടുണ്െടന്നാണ് വിശ്വാസമെന്നും ലാലു അഭിപ്രായപ്പെട്ടു.

ലോകം അനുദിനം മാറിക്കൊണ്ടിരിക്കയാണ്. ജീവിതത്തില്‍ ഇന്ന് കാണുന്ന മാറ്റെളെല്ലാം സിനിമയിലും ഉണ്ടായിട്ടുണ്ട്. ജനം ആവശ്യപ്പെടുന്ന മാറ്റങ്ങളാണ് അവയെല്ലാം. കഥയിലും കഥാപാത്രങ്ങളിലും ഇതാണ് സംഭവിച്ചിട്ടുള്ളത്. കാലാനുവര്‍ത്തികളായ ഇതിവൃത്തങ്ങള്‍ക്കേ അതിജീവനം സാധ്യമാകൂ. നല്ല സിനിമകള്‍ ഇപ്പോഴും ധാരാളമായി വരുന്നുണ്ട്. കുറഞ്ഞ കാലംകൊണ്ട് ധാരാളം പണം സമ്പാദിക്കാനുള്ള ത്വരയാണ് സിനിമയും സീരിയലുകളുമായി നടീനടന്‍മാര്‍ ഓടി നടക്കുന്നത്. അഭിനയത്തോടൊപ്പം അവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും ബ്ളൈഡ് കമ്പനികളുമെല്ലാമുണ്ടാകും. പണസമ്പാദനത്തിനായി അവര്‍ എല്ലാ കുറുക്കുവഴികളും തേടുന്നു. ഒരു തികഞ്ഞ ദൈവവിശ്വാസി കൂടിയായ താന്‍ അത്തരം ഒരു നടനല്ല. അവിഹിതമായി ഒരു രൂപ സമ്പാദിച്ചാല്‍ അത് നമുക്കോ കുടുംബത്തിനോ ഉപകരിക്കില്ലെന്ന് പൂര്‍ണമായി വിശ്വസിക്കുന്നതായും ലാലു അലക്സ് പറഞ്ഞു.

സിനിമ ആരേയും കുഴിയില്‍ ചാടിക്കാന്‍ പോന്ന ഒരു മേഖലയാണ്. സൂക്ഷ്മതയുള്ള ഒരു ജീവിതശൈലിയായതുകൊണ്ടാണ് ഒരിക്കല്‍ പോലും ഒരു ഗോസിപ്പില്‍ ചെന്ന് ചാടാതിരുന്നതെന്ന് ലാലു പറഞ്ഞു. 1978 ല്‍ ഈ ഗാനം മറക്കുമോ എന്ന സിനിമയില്‍ സഹനടനായി മലയാള സനിമാരംഗത്ത് വന്ന തനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്േടാ എന്നത് തന്നെ അലട്ടുന്ന പ്രശന്മല്ലെന്ന് അദ്ദേഹം പറഞ്ഞു. 2004 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, മാതൃഭൂമി ഫിലിം അവാര്‍ഡ് തുടങ്ങി വേറേയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്െടങ്കിലും ലഭിക്കാത്ത പുരസ്കാരങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടാറില്ലെന്നും എന്നും പൂര്‍ണ സംതൃപ്തനാണെന്നും വില്ലനായും കോമഡിയനായും ഒരേ പോലെ തിളങ്ങിയിട്ടുള്ള ലാലു അഭിപ്രായപ്പെട്ടു. അവസാനമായി ചെയ്തത് ദിലീപിനോടൊപ്പം വില്ലാളി വീരന്‍ എന്ന സിനിമയാണ്. ഇപ്പോള്‍ മണ്‍സൂണ്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

ഭാര്യ ബെറ്റിയും മക്കളായ ബെന്‍, സെന്‍, സിയ എന്നിവരോടുമൊപ്പം എറണാകുളം ജില്ലയിലെ പിറവത്താണ് താമസം. ജന്‍മനാടായ പിറവം ഏറെ ഇഷ്ടമാണ്. മൂത്ത മകന്‍ ബെന്‍ ഒരു മലയാള സിനിമയില്‍ അഭിനയിച്ചിരുന്നു. എന്‍ജിനിയറിംഗ് ബിരുദധാരിയായ മകനെ നിര്‍ബന്ധപൂര്‍വം സിനിമാനടനാക്കാന്‍ താനോ ഭാര്യയോ തയാറല്ല. സ്വയം വിജയിക്കുമെന്ന് തോന്നുന്ന മേഖല തെരഞ്ഞെടുത്താല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഞായറാഴ്ച വരെ റിയാദില്‍ തങ്ങുന്ന ലാലു അലക്സ് നാലു ദിവസവും ഭക്ഷണമടക്കം അറേബ്യന്‍ രീതികള്‍ പരീക്ഷിക്കാനാണിഷ്ടപ്പെടുന്നത്. ഇന്ത്യന്‍ റസ്ററന്റുകളിലെ ഭക്ഷണം വേണ്െടന്നും അറബ് ഭക്ഷണം മതിയെന്നും സൌദി അറേബ്യയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ലാലു അലക്സ് ആതിഥേയരോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍