ഇന്ത്യന്‍ മൈക്രോസോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷിനെ കാണാനില്ലെന്ന് പരാതി
Thursday, October 23, 2014 9:01 AM IST
സിയാറ്റില്‍: ഇന്ത്യന്‍ വംശജനായ മൈക്രോ സോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷിനെ (27) കഴിഞ്ഞ ആഴ്ച മുതല്‍ കാണാനില്ലെന്ന് സിയാറ്റില്‍ പോലീസ്.

ഒക്ടോബര്‍ 15 ന് വാഷിംഗ്ടണ്‍ റെഡ് മോണ്ടിലുളള മൈക്രോ സോഫ്റ്റ് ക്യാംപസിലാണ് കൃഷ്ണയെ അവസാനമായി കണ്ടത്. ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

കൃഷ്ണയുടെ കാര്‍ ഡിസിപ്ഷന്‍ പാസ് ബ്രിഡ്ജില്‍ ഒക്ടോബര്‍ 20 ന് പൂട്ടിയിട്ട നിലയില്‍ കണ്െടത്തിയിരുന്നു. കാറില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. കൂട്ടുകാരുമൊത്ത് സിയാറ്റില്‍ ട്രിവ്യ നൈറ്റില്‍ പങ്കെടുത്തതായി പറയപ്പെടുന്നു.

തിങ്കളാഴ്ചയാണ് കൃഷ്ണയെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. ഡിസിപ്ഷന്‍ പാസ് ബ്രിഡ്ജ് വളരെ അപകടം പിടിച്ച സ്ഥലമാണെന്നും ഓരോ വര്‍ഷവും ഇവിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും പോലീസ് വക്താവ് ഡ്രു ഫൌള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൃഷ്ണയെ കണ്ടുപിടിക്കുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.

അഞ്ചടി 8 ഇഞ്ച് ഉയരവും 160 പൌണ്ട് തൂക്കവുമുളള കൃഷ്ണയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ സിയാറ്റില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി 202 625 5011 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍