കുവൈറ്റില്‍ വിദേശികളുടെ ചികിത്സക്കായി പ്രത്യേക ആശുപത്രികള്‍ വരുന്നു
Thursday, October 23, 2014 8:50 AM IST
കുവൈറ്റ് : നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശികള്‍ക്കു മാത്രമായി പ്രത്യേക ആശുപത്രികള്‍ നിര്‍മിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കുന്നതിന്റെ ആദ്യപടിയായി ഷെയര്‍ ഹോള്‍ഡിംഗ് കമ്പനി രൂപവത്കരിച്ചു. കമ്പനിയുടെ ഓഹരികളില്‍ 50 ശതമാനമാണ് പൊതുജനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നത്. 24 ശതമാനം സര്‍ക്കാറിനെ പ്രതിനിധാനംചെയ്യുന്ന കുവൈറ്റ് ഇന്‍വസ്റ്മെന്റ് അഥോറിറ്റിക്കാണ്. ബാക്കി 26 ശതമാനം പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത സ്വകാര്യ ഗ്രൂപ്പിന് നല്‍കും. 100 ഫില്‍സിന്റെ 115 കോടി ഓഹരികളാണ് മൊത്തമുണ്ടാവുക. ആരോഗ്യ ഇന്‍ഷ്വറന്‍സ് സേവനത്തിനുപുറമെ ആശുപത്രി, ക്ളിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി എന്നിവയുടെ നിര്‍മാണം, ഹോം മെഡിക്കല്‍ സര്‍വീസ് എന്നിവ ഉള്‍പ്പെടെ 19 ദൌത്യങ്ങള്‍ കമ്പനി കൈകാര്യം ചെയ്യും. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി അരലക്ഷം ച. മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് ആശുപത്രികളുടെ നിര്‍മാണമാണ് പരിഗണനയിലുള്ളത്.

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സ്വകാര്യവത്കരിക്കുകയും അതുവഴി വിദേശികള്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്ന് കരുതപ്പെടുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ആശുപത്രി വരുന്നതോടെ വിദേശികള്‍ അടക്കുന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിക്കാനിടയുണ്ട്. നിലവില്‍ വര്‍ഷത്തില്‍ 50 ദിനാറാണ് വിദേശികളില്‍ നിന്ന് ഇന്‍ഷ്വറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് 150 ദിനാറോളമായി ഉയര്‍ന്നേക്കുമെന്നാണ് സൂചന.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍