പ്രവാസി പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തും: കെ. അംബുജാക്ഷന്‍
Thursday, October 23, 2014 8:49 AM IST
ജിദ്ദ: ഇന്ത്യയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനമുള്ള പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുമെന്നും അവക്ക് കൃത്യമായ പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുമെന്നും വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം ജനറല്‍ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. അംബുജാക്ഷന്‍ പറഞ്ഞു.

വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രവാസി ഘടകമായ പ്രവാസി സാംസ്കാരിക വേദി രൂപീകരണവുമായി ബന്ധപ്പെട്ട് ജിദ്ദയിലത്തിെയ അദ്ദേഹം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പ്രവാസി വകുപ്പ് പുന:സ്ഥാപിക്കുകയും പ്രത്യേകമായി മന്ത്രിയെ നിയമിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാലങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളില്‍ നിന്നും എമിഗ്രേഷന്‍ ഇനത്തില്‍ സ്വരൂപിച്ച് കൂട്ടിയിട്ടുള്ള ഭീമമായ തുക അവരുടെ തന്നെ ക്ഷേമത്തിന് വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളുടെ ആരോഗ്യം, പുനരധിവാസം, നീതി ലഭ്യമാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി പൂര്‍ണമായൊരു പ്രവാസി പുനരധിവാസ പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നുണ്ട്.

പ്രവാസികളുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവര്‍ ജോലിചെയ്യുന്ന രാജ്യങ്ങളില്‍ തന്നെ സൌകര്യമൊരുക്കുന്നതിനെ കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഗൌരവപൂര്‍വം ആലോചിക്കണമെന്നും ഗള്‍ഫ് രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയിലത്തെണമെന്നും അംബുജാക്ഷന്‍ പറഞ്ഞു. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം നിക്ഷേപമായി കരുതുകയും അവര്‍ക്ക് അതിന്റെ ലാഭവിഹിതം നല്‍കുകയും ചെയ്താല്‍ അത് കൂടുതല്‍ വിദേശ പണം ഇന്ത്യയിലേക്കെത്താന്‍ സഹായകമാവും.

കോര്‍പറേറ്റുകള്‍ക്ക് ഗുണകരമായ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അതേ ജനദ്രോഹ നിലപാടാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കേവലം നാല് മാസത്തിനുള്ളില്‍ അഞ്ഞുറിലധികം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതും കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹമുഖമാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് ജനജീവിതം ദുസഹമായിക്കൊണ്ടിരിക്കുന്നു. കര്‍ഷകരുടെ സബ്സിഡി എടുത്ത് കളയുകയും കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന വൈരുധ്യത്തെ ജനം തിരിച്ചറിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലാകട്ടെ വലത്പക്ഷവും ഇടത്പക്ഷവും തമ്മിലുള്ള അന്തരവും കുറഞ്ഞ് വരികയാണ്. ഇത്തരം വെല്ലുവിളികളെ ചെറുക്കുകയാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം.

വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ആശാവാഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ ജില്ലകളിലും 125 മണ്ഡലങ്ങളിലും ഘടകങ്ങള്‍ രൂപീകരിച്ചു. എറണാകുളം ജില്ലയിലെ 1500 ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും പട്ടയം വാങ്ങിച്ചുകൊടുക്കാന്‍ കഴിഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ മറ്റ് രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളില്‍ ഗണ്യമായ മാറ്റമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. അതിന്റെ പ്രകടമായ ഉദാഹരണമാണ് മദ്യനിരോധവുമായി കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി എല്ലാ വാര്‍ഡുകളില്‍ നിന്നും മണ്ഡലങ്ങളില്‍ നിന്നും മല്‍സരിക്കുമെന്നും മതേതര കക്ഷികളുമായി ധാരണയിലത്തുെന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ സൌദിയിലെ പോഷക ഘടകമായ പ്രവാസി സാംസ്കാരിക വേദി ജിദ്ദ അഡ്ഹോക് കമ്മിറ്റി ഭാരവാഹികളായ ഉസ്മാന്‍ പാണ്ടിക്കാട്, ഫസല്‍ കൊച്ചി, ഖലീലുറഹ്മാന്‍ പാലോട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍