'അമേരിക്കന്‍ യംഗ് സയന്റിസ്റ് ചലഞ്ച് 2014' ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തകര്‍പ്പന്‍ പ്രകടനം ; സഹീല്‍ മികച്ച യുവശാസ്ത്രജ്ഞന്‍
Thursday, October 23, 2014 6:58 AM IST
ന്യൂയോര്‍ക്ക്: ബുദ്ധിയുടെ കാര്യത്തില്‍ ഇന്ത്യാക്കാരനെ കടത്തിവെട്ടാന്‍ ആരുമില്ല എന്നാണ് പൊതുവെ പറയാറുള്ളത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും ഗണിതശാസ്ത്രനൊബേല്‍ ജേതാവായ മഞ്ജുള്‍ ഭാര്‍ഗവയുമെല്ലാം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളുമാണ്. മുതിര്‍ന്നവര്‍ മാത്രമല്ല, ഇന്ത്യക്കാരായ കുട്ടികളും ബുദ്ധിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 'അമേരിക്കന്‍ യംഗ് സയന്റിസ്റ്' പുരസ്ക്കാരപ്പട്ടിക.

അമേരിക്കയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിവരുന്ന 'യംഗ് സയന്റിസ്റ് ചലഞ്ച് 2014' മത്സരത്തില്‍ ഒന്നാം സ്ഥാനത്തു വന്നിരിക്കുന്നത് ഇന്ത്യന്‍ വംശജനായ സഹീല്‍ ദോഷി എന്ന 14 വയസുകാരന്‍. പ്രമുഖ വ്യവസായികളായ ത്രീ എമും ഡിസ്കവറി കമ്യൂണിക്കേഷനും ചേര്‍ന്ന് എല്ലാവര്‍ഷവും നല്‍കിവരുന്ന പുരസ്കാരമാണ് 'ടോപ് യംഗ് സയന്റിസ്റ്' ബഹുമതി. സഹീലിനൊപ്പം മത്സരത്തിലെ മൂന്നാം സ്ഥാനവും അഞ്ചാം സ്ഥാനവും നേടിയെടുത്തിരിക്കുന്നതും ഇന്ത്യന്‍ വംശജര്‍ തന്നെയാണ്.

അന്തരീക്ഷത്തിന് ദോഷകരമായ ഗ്രീന്‍ ഹൌസ് ഗ്യാസുകളെ കുറയ്ക്കാന്‍ സഹായിക്കുന്ന, പരിസ്ഥിതിസൌഹൃദ ബാറ്ററികളുടെ കണ്ടുപിടുത്തത്തിനാണ് അംഗീകാരം. 'പൊല്യൂസെല്‍' എന്നു സഹീല്‍ പേരിട്ടിരിക്കുന്ന ബാറ്ററി, കാര്‍ബണ്‍ ഡൈഓക്സൈഡിനെ വൈദ്യുതിയായിക്കി മാറ്റുന്നു. പൊല്യൂസെലിന്റെ ഉപയോഗം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് സഹീല്‍ പറയുന്നു. ഒമ്പതാം ഗ്രേഡ് വിദ്യാര്‍ഥിയായ സഹീല്‍, പെനിസില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലാണ് താമസിക്കുന്നത്. അമേരിക്കയിലെ മികച്ച യുവ ശാസ്ത്രജ്ഞനെന്ന പദവിക്കൊപ്പം 25,000 ഡോളറും (16 ലക്ഷം രൂപ) കോസ്ററിക്കയിലേയ്ക്ക് ഒരു സാഹസിക യാത്രയും ഇദ്ദേഹത്തിന് ലഭിക്കും.

മൂന്നാം സ്ഥാനത്തു വന്നതും ജയ് കുമാര്‍ എന്ന മറ്റൊരു ഇന്ത്യാക്കാരനാണ്. ജനാലകളില്‍ ഘടിപ്പിക്കാവുന്ന വായൂ ശുദ്ധീകരണ സംവിധാനമാണ്, ഏഴാം ഗ്രേഡ് വിദ്യാര്‍ഥിയായ ജയ്കുമാറിന് പുരസ്കാരം നേടിക്കൊടുത്തത്. വിര്‍ജീനിയ സ്വദേശിയാണ് ജയ്. 1000 ഡോളറും (61,000 രൂപ) സാഹസിക യാത്രയുമാണ് മൂന്നാം സ്ഥാനത്തിനുള്ള സമ്മാനം. അഞ്ചാം സ്ഥാനവും ഇന്ത്യന്‍ വിദ്യാര്‍ഥിക്കാണ്. മൈത്രി അമ്പാട്ടിപുടി എന്ന ഒമ്പതാം ഗ്രേഡുകാരിയാണ് അഞ്ചാം സ്ഥാനത്തെത്തിയത്.

അവസാന റൌണ്ടില്‍ ഒമ്പതു പേരെ പരാജയപ്പെടുത്തിയാണ് സഹീല്‍ ഒന്നാമതെത്തിയത്. ത്രീ എമിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ, മൂന്നു മാസത്തോളം പ്രവര്‍ത്തിച്ചാണ് മത്സരാര്‍ഥികള്‍ അവരുടെ ആശയങ്ങള്‍ സാക്ഷാത്കരിച്ചത്. മിനസോട്ടയിലെ സെന്റ് പോളില്‍ വച്ചാണ് ഇവര്‍ തങ്ങളുടെ കണ്ടുപിടുത്തങ്ങളുടെ പ്രകാശനം നടത്തിയത്.