പാസ്പോര്‍ട്ട്, എയര്‍ ഇന്ത്യ ഓഫീസുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കണം: മലപ്പുറം ജില്ലാ കെഎംസിസി
Wednesday, October 22, 2014 7:31 AM IST
ജിദ്ദ: രാജ്യത്തിന് വിദേശ നാണയം നേടിത്തരുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തുവരുന്ന പ്രവാസി മലയാളികള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലെ പാസ്പോര്‍ട്ട്, എയര്‍ ഇന്ത്യ ഓഫീസുകള്‍ നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കണമെന്ന് ജിദ്ദാ മലപ്പുറം ജില്ലാ കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും പുരോഗതിക്കും കരുത്തായ പ്രവാസി സമൂഹത്തോട് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അവഗണന മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും മലപ്പുറത്ത് ലഭ്യമായ സൌകര്യങ്ങള്‍ കൂടി എടുത്തു കളഞ്ഞ് പ്രവാസികളെ ദ്രോഹിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ ശ്രമം ഉടന്‍ പിന്‍വലിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് പി.എം.എ. ഗഫൂര്‍ പട്ടിക്കാടിന്റെ അധ്യക്ഷതതയില്‍ നടന്ന ജില്ലാ കെഎംസിസി എക്സിക്യുട്ടീവ് യോഗം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം.കുട്ടി മൌലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് പൊന്നാനി, ഉനൈസ് തിരൂര്‍, ജലാല്‍ തേഞ്ഞിപ്പലം, ലത്തീഫ് ചാപ്പനങ്ങാടി, മജീദ് അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള നിവേദനം ട്രഷറര്‍ ജമാല്‍ ആനക്കയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി സ്വാഗതവും സെക്രട്ടറി ഇല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍