കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ മയാമി കിക്കോഫ്
Monday, October 20, 2014 8:08 AM IST
മയാമി: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദവ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ 2015 ജൂലൈ നടക്കാനിരിക്കുന്ന എട്ടാമത് ദേശീയ കണ്‍വന്‍ഷന്റെ റീജിയണല്‍ രജിസ്ട്രേഷന്‍ കിക്കോഫ്, കേരള ഹിന്ദൂസ് ഓഫ് സൌത്ത് ഫ്ളോറിഡ (കെഎച്ച്എസ്എഫ്)യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15-ന് വൈകുന്നേരം അഞ്ചു മുതല്‍ ഹോളിവുഡ് കമ്യൂണിറ്റി ഹാളില്‍ നടക്കും.

കെഎച്ച്എസ്എഫ് പ്രസിഡന്റ് രാജ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍. നായര്‍, കെഎച്ച്എന്‍എ ട്രഷറര്‍ രാജു പിള്ള, കെഎച്ച്എന്‍എ മുന്‍ പ്രസിഡന്റും ഫോമ പ്രസിഡന്റുമായ ആനന്ദന്‍ നിരവേല്‍ എന്നിവരോടൊപ്പം ദേശീയ-പ്രാദേശിക നേതാക്കളും പങ്കെടുക്കും.

സൌത്ത് ഫ്ളോറിഡയില്‍ നിന്നും കെഎച്ച്എന്‍എ ദേശീയ കണ്‍വന്‍ഷനിലേക്ക് പരാമാവധി പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നല്ലവരായ എല്ലാ ഹിന്ദുമത വിശ്വാസികളേയും ആദരപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. കെഎച്ച്എസ്എഫ് സെക്രട്ടറി പത്മകുമാര്‍ കെ.ജി പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം