തനിമ ഓണോഘോഷം ഒക്ടോബര്‍ 24ന്
Monday, October 20, 2014 6:44 AM IST
കുവൈറ്റ്: പ്രവാസി മലയാളികള്‍ക്ക് ആവേശമായി ദേശീയ വടം വലി മത്സരവും ഓണോഘോഷവും ഒക്ടോബര്‍ 24 ന് (വെള്ളി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടത്തുമെന്ന് തനിമ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശ്രദ്ധേയമായ വിവധ പരിപാടികളാണ് തനിമ നേതൃത്വം നല്‍കിവരുന്നത്. പ്രവാസികളില്‍ കായിക സംസ്കാരം വളര്‍ത്തി എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിവരുന്ന വടംവലി മത്സരം ജനകീയ ഉത്സവമായാണ് കുവൈറ്റിലെ മലയാളികള്‍ കൊണ്ടാടുന്നത്.

വടംവലിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഫെഡറേഷനായ ടഗ് ഓഫ് വാര്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്റെ നിയമങ്ങള്‍ അനുസരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് സാന്‍സലീയ സ്വര്‍ണകപ്പും 351 കുവൈറ്റ് ദിനാര്‍ പ്രൈസ് മണിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ബ്ളുലൈന്‍ എവര്‍ റോളിംഗ് ട്രോഫിയും 251 കുവൈറ്റ് ദിനാര്‍ പ്രൈസ് മണിയും മൂന്നാം സ്ഥാനക്കാര്‍ക്ക് ജിജു സ്മാരക ട്രോഫിയും പ്രൈസ് മണിയായി 151 കുവൈറ്റ് ദിനാറും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം നാലിന് പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് നിരവധി കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്ര നടക്കും. ആറിന് നടക്കുന്ന പൊതുസമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്യും. പ്രവാസികള്‍ക്ക് ഉപകരിക്കപ്പെടുന്ന രീതിയില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഡയറക്ടറിയുടെ പുതിയ പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് തനിമ ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പേള്‍ ഓഫ് ദി സ്കൂള്‍ അവാര്‍ഡ് ഈ വര്‍ഷവും സമ്മാനിക്കും. പതിനെട്ട് സ്കൂളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ തെരഞ്ഞടുക്കുന്ന ഓരോ വിദ്യാര്‍ഥിക്കുമാണ് മികവിന്റെ അടിസ്ഥാനത്തില്‍ സമ്മാനം നല്‍കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ബാബുജി ബത്തേരി, ജോമോന്‍ മങ്കുഴിക്കരി, ഇക്ബാല്‍ കുട്ടമംഗലം, ജേക്കബ് വര്‍ഗീസ്, ടി.കെ. ദിലീപ്, ഉഷ ദിലീപ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍