ടെക്സസ് വോട്ടര്‍ ഐഡി : സുപ്രീം കോടതിയുടെ പൂര്‍ണ അംഗീകാരം
Monday, October 20, 2014 6:41 AM IST
ഓസ്റിന്‍: നവംബറില്‍ നടക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പില്‍ ടെക്സസ് സംസ്ഥാനത്തു വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നതിനു സുപ്രീം കോടതിയുടെ പൂര്‍ണാനുമതി. ഒക്ടോബര്‍ 19 ന് (ശനി) ആണ് കോടതി വിധി പുറത്തുവന്നത്.

കഴിഞ്ഞ ബുധനാഴ്ച ഫെഡറല്‍ കോടതി ടെക്സസ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ടു വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി.

2011 ല്‍ ടെക്സസില്‍ നിലവില്‍ വന്ന വോട്ടര്‍ ഐഡി നിയമനുസരിച്ച് സമ്മതിദാനവകാശം ഉപയോഗിക്കണമെങ്കില്‍ ഫോട്ടോ പതിപ്പ ടെക്സസ് ഡ്രൈവിംഗ് ലൈസന്‍സോ, ഗണ്‍ ലൈസെന്‍സോ, മിലിട്ടറി ഐഡിയോ നിര്‍ബന്ധമാണെന്നും കോളജ് ഐഡിയോ, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സോ, അംഗീകരിക്കുയില്ലെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

അര്‍ഹരായ ആയിരക്കണക്കിന് പൌരന്മാരെ വോട്ട് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതാണ് ടെക്സസ് വോട്ടര്‍ ഐഡി നിയമമെന്ന് ആറ് പേജു വരുന്ന വിയോജന കുറുപ്പില്‍ ജസ്റ്റീസ് റൂത്ത് ബേഡര്‍ ജിന്‍സ് ബര്‍ഗ് രേഖപ്പെടുത്തി ആഫ്രിക്കന്‍, അമേരിക്കന്‍, ഹിസ്പാനിക്കു ന്യൂനപക്ഷങ്ങളെയാണ് ഈ നിയമം പ്രതികൂലമായി ബാധിക്കുക. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ട എന്ന് അറിയപ്പെടുന്ന ടെക്സസില്‍ വോട്ടര്‍ ഐഡി നിയമത്തിന്റെ ഗുണം റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കു തന്നെയാണ് ലഭ്യമാക്കുക. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിക്കുന്ന വോട്ടുകളില്‍ ഗണ്യമായ കുറവ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കിയാല്‍ അനുഭവപ്പെടുമെന്നാണ് രാഷ്്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടല്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍