ദുരിതക്കയത്തില്‍ നിന്നും രതീഷിന് മോചനം
Monday, October 20, 2014 6:40 AM IST
കുവൈറ്റ് സിറ്റി: ദുരിത ജീവതത്തിന് വിട നല്‍കി കൊല്ലം പത്തനാപുരം മഞ്ച്ളളൂര്‍ സ്വദേശി രതീഷ്കുമാര്‍ നാട്ടിലേക്ക് യാത്രയായി. ഇല്ലാത്ത മനോരോഗമുണ്െടന്ന് ആരോപിച്ച് കഴിഞ്ഞ മൂന്ന് മാസമായി മനോരോഗാശുപത്രിയില്‍ കഴിയുകയായിരുന്ന രതീഷിനെ ഒഐസിസി അടക്കമുള്ള വിവധ സംഘടന പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ വഴി ആശുപതിയില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു.

നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ താമസകാലവധിയുടെ പിഴ അടയ്ക്കുവാനും ടിക്കറ്റിനുളള പൈസ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈറ്റിലെ വിവധ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പറഞ്ഞ സംഖ്യ സ്പോണ്‍സര്‍ക്ക് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ രതീഷിനെ ഒളിച്ചോടിയ കേസില്‍ വീണ്ടും പോലീസ് അറസ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നിരന്തര ശ്രമഫലമായി ജയിലില്‍ നിന്നും രതീഷിനെ വീണ്ടും മുക്തനാക്കുകയായിരുന്നു.

സിനിമാ കഥയെപോലും വെല്ലുന്ന ജീവിതാനുഭവങ്ങള്‍ നടുങ്ങിനിന്ന രതീഷ് കഴിഞ്ഞ ദിവസമാണ് ശ്രിലങ്കന്‍ എയര്‍ലൈന്‍സില്‍ തിരൂവനന്തപുരത്തേക്ക് യാത്രയായത്. ഉപജീവനത്തിനായി മണലാരണ്യത്തിലേക്ക് പറന്നിറങ്ങിയ തന്റെ അവസ്ഥ മറ്റുള്ളവര്‍ക്ക് വലിയ പാഠമാണെന്ന് പറഞ്ഞ രതീഷ് തന്റെ മോചനത്തിനായി ശ്രമിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍