കോഴിക്കോട് സ്വദേശിനി റിയാദില്‍ വീട്ടുതടങ്കലിലെന്ന് പരാതി
Monday, October 20, 2014 4:41 AM IST
റിയാദ്: ഒന്നര വര്‍ഷം മുന്‍പ് വീട്ട് ജോലിക്കാരിയുടെ വിസയില്‍ റിയാദിലെത്തിയ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് ഏകരൂല്‍ വള്ളിയോത്ത് കല്ലുവെട്ടു കണ്ടി പരേതനായ അഹമ്മദ് കുട്ടിയുടെ മകള്‍ സുലൈഖ (43) സ്പോണ്‍സറുടെ വീട്ടില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നതായി പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലും പരാതി നല്‍കി. 16 മാസമായി ശമ്പളമോ ചികിത്സാ സൌകര്യമോ ലഭിക്കാതെ രോഗിയായ സുലൈഖ ദുരിതക്കയത്തിലാണെന്നും എത്രയും വേഗം അവരെ മോചിപ്പിച്ച് നാട്ടിലെത്തിക്കണമെന്നുമാണ് പരാതി.

2013 ജുലൈ 9 നാണ് സുലൈഖ റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത്. കൊണ്േടാട്ടിയിലെ ഒരു ട്രാവല്‍ ഏജന്റ് മുഖാന്തിരം 40,000 രൂപ നല്‍കിയാണ് സുലൈഖ വിസ സംഘടിപ്പിച്ചത്. വിമാനത്താവളത്തില്‍ നിന്നും നേരെ സ്പോണ്‍സര്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം സുലൈഖ ഒന്നര വര്‍ഷമായി കഷ്ടപ്പാടിലാണ്. ഭര്‍ത്താവ് കോയ 3 വര്‍ഷം മുന്‍പ് മരണപ്പെട്ടതോടെ വയസ്സായ ഉമ്മയുടേയും മക്കളുടേയും മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കേണ്ടി വന്ന സുലൈഖ ഏറെ പ്രതീക്ഷകളോടെയാണ് സൌദിയിലെത്തിയത്. എന്നാല്‍ മകളെ കല്യാണം കഴിച്ചയച്ചതിന്റെ കടങ്ങള്‍ വീട്ടുന്നതിനോ പ്രായമായ ഉമ്മയുടേയും മറ്റ് മക്കളുടേയും നിത്യവൃത്തിക്കോ പണമയക്കാന്‍ സാധിക്കാത്ത സുലൈഖ ഇന്ന് വിട്ടുമാറാത്ത അസുഖങ്ങളും കാരണം നരകിക്കുകയാണ്. എങ്ങിനെയും തന്നെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കണമെന്ന് പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകരോട് സുലൈഖ കരഞ്ഞപേക്ഷിച്ചു.

നാലര വര്‍ഷം ഒമാനിലും രണ്ടര വര്‍ഷത്തോളം സൌദിയിലെ ഖത്തീഫിലും ജോലി ചെയ്തിട്ടുള്ള സുലൈഖ 1500 റിയാല്‍ ശമ്പളം വാഗ്ദാനം കേട്ടാണ് ഈ വിസയില്‍ വന്നത്. പണ്ടം പണയം വെച്ച് കടമെടുത്താണ് വിസക്ക് 40,000 നല്‍കിയത്. പണയം വെച്ച ബാങ്കുകാര്‍ നിരവധി തവണ കത്തയച്ചതായി നാട്ടിലുള്ള സഹോദരി സുഹ്റ സാമൂഹ്യ പ്രവര്‍ത്തകരോട് പറഞ്ഞു. മക്കളായ നൌഫീറ, നസ്റിന്‍, സജ്ന എന്നിവര്‍ ഉമ്മ മടങ്ങി വരുന്നതും കാത്തിരിക്കയാണ്.

സുലൈഖയുടെ ദുരിത കഥ എംബിസയിലും വിദേശകാര്യ മന്ത്രാലയത്തിലും അറിയിച്ചതോടൊപ്പം നോര്‍ക്കയിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്െടന്ന് പ്രവാസി സാംസ്കാരിക വേദിയുടെ പ്രവര്‍ത്തകരായ ലത്തീഫ് തെച്ചി പറഞ്ഞു. സുലൈഖയുടെ മോചനശ്രമങ്ങള്‍ക്കായി ലത്തീഫിനോടൊപ്പം ബഷീര്‍ പാണക്കാട്, സലീഷ് മാസ്റ്റര്‍, മജീദ് വളാഞ്ചേരി, ആരിഫ് കിനാലൂര്‍, ഷമീം ബക്കര്‍ എന്നീ പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകരും സുലൈഖയുടെ ബന്ധുക്കളായ നാസര്‍ നരിക്കുനി, സൈനുല്‍ ആബിദ് എന്നിവരും രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍