വിചാരവേദിയില്‍ ഹാസ്യസാഹിത്യ ചര്‍ച്ച
Monday, October 20, 2014 4:38 AM IST
ന്യൂയോര്‍ക്ക്: കെസിഎഎന്‍എയില്‍ വെച്ചു നടന്ന വിചാരവേദിയുടെ ഈ മാസത്തെ സാഹിത്യ സദസ്സില്‍ ചര്‍ച്ചചെയ്തത് ഹാസ്യസാഹിത്യത്തിലേക്ക് ഒരു എത്തി നോട്ടം എന്ന വിഷയവും ജോസ് ചെരിപുറത്തിന്റെ 'അളിയന്റെ പടവലങ്ങ' എന്ന ഹാസ്യ കൃതിയുമാണ്. എന്താണ് ഹാസ്യം എന്നും ഹാസ്യത്തിന്റെ ഉല്‍പത്തിയെക്കുറിച്ചും വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ ചിരിയുണര്‍ത്തുന്നതും മറ്റും പരാമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ച സജീവമായി.

ബഷീര്‍, വികെഎന്‍ എന്നിവരുടെ ഹാസ്യരചനകള്‍ പരാമര്‍ശിച്ചുകൊണ്ട് ജീവിതത്തിലെപിരിമുറക്കത്തിന് അയവു വരുത്താന്‍ ചിരി സഹായിക്കുമെന്നും ജോസ് ചെരിപുറത്തിന്റെ 'അളിയന്റെ പടവലങ്ങ' നര്‍മ്മം കലര്‍ന്ന കഥകളാണെന്നും സാംസി കൊടുമണ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ജോസ് ചെരിപുറം എടുത്തു പ്രയോഗിക്കുന്ന വാക്കുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥങ്ങളിലെ ഒരു പരിധിവരെയുള്ള ഹാസ്യത്തിന്റെ പ്രഭാവവും 'അളിയന്റെ പടവലങ്ങയില്‍' ചേര്‍ത്തിരിക്കുന്ന കഥകളില്‍ ചിതറിക്കിടക്കുന്ന ജോസ് ചെരിപുറത്തിന്റെ ജന്മസിദ്ധമായ നര്‍മ്മ രസവും ഹാസ്യസാഹിത്യത്തിന് ഒരു ആമുഖം അവതരിപ്പിച്ചുകൊണ്ട് അധ്യക്ഷപ്രസംഗത്തില്‍ വാസുദേവ് പുളിക്കല്‍ ചൂണ്ടിക്കാണിക്കുകയും ജോസ് ചെരിപുറം ഹാസ്യത്തിന്റെ നവീന മേഖലകളില്‍ കൂടി സഞ്ചരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്തു.

അളിയന്റെ പടവലങ്ങയിലെ കഥാ ലേഖനങ്ങള്‍ എന്‍പതുകളില്‍ എഴുതപ്പെട്ടതാണ്, സുധീര്‍ പണിക്കവീട്ടി ലുംകൈരളി പത്രാധിപര്‍ ജോസ് തയ്യിലും അതിന് പ്രചോദനം നല്‍കിയിട്ടുണ്ട് എന്ന് മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു കൊണ്ട് അളിയന്റെ പടവലങ്ങ ചര്‍ച്ചക്കെടുത്ത വിചാരവേദിയോ ടും ചര്‍ച്ചയില്‍ പങ്കെടുത്തവരോടും ജോസ് ചെരിപുറം നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം