ഒഐസിസി തെരഞ്ഞെടുപ്പ്; അങ്കം മുറുകുന്നു
Saturday, October 18, 2014 8:27 AM IST
റിയാദ്: ഈ മാസാവസാനം നടക്കുന്ന ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാനല്‍ ചര്‍ച്ചകളും ഗ്രൂപ്പ് തിരിഞ്ഞുള്ള വോട്ട് പിടുത്തവുമായി അങ്കം മുറുകുകയാണ്.

മുന്‍ പ്രസിഡന്റ് സി.എം കുഞ്ഞിയും മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. അജിതും തമ്മിലാണ് പ്രധാന മത്സരം. എന്നാല്‍ വിമത ഒഐസിസി നേതാവായി അറിയപ്പെട്ടിരുന്ന സത്താര്‍ കായംകുളവും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും മൂന്നാമത് ഒരു പാനലുമായി രംഗത്ത് വരാന്‍ സാധ്യതയുള്ളതായും പറയപ്പെടുന്നു. സി.എം കുഞ്ഞിയും അഡ്വ. അജിതും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുകയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വോട്ടഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

വിവിധ ജില്ലാ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് 182 അംഗങ്ങളേയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ നിന്നും പരമാവധി വോട്ട് നേടി വിജയിക്കാനുള്ള ശ്രമങ്ങളാണ് സ്ഥാനാര്‍ഥികള്‍ നടത്തുന്നത്. എന്നാല്‍ ഏതാനും ജില്ലാ കമ്മിറ്റികളുടോതൊഴിച്ച് മറ്റൊരു ജില്ലാ കമ്മിറ്റികളുടേയും വോട്ടര്‍മാരുടെ പട്ടിക ഇതു വരെ പുറത്തു വിട്ടിട്ടില്ലെന്നറിയുന്നു. 25 അംഗങ്ങളെ ചേര്‍ത്ത സജീവ അംഗങ്ങള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതിയില്‍ അംഗത്വം ലഭിക്കും. എന്നാല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും മലപ്പുറം ജില്ലാ കമ്മിറ്റിയിലും ഈ തത്വങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നു. റിയാദിലെ ഒരു പഴയകാല കോണ്‍ഗ്രസ് നേതാവ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഇരുപത്തഞ്ചിലധികം അംഗങ്ങളെ ചേര്‍ത്തെങ്കിലും അദ്ദേഹത്തെ അംഗമായി ചേര്‍ക്കാന്‍ പോലും പുതിയ കമ്മിറ്റി തയാറായിട്ടില്ല. നൂറിലധികം അംഗങ്ങളെ ചേര്‍ത്ത മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റിനും വേണ്ടത്ര പ്രാതിനിധ്വം നല്‍കിയിട്ടില്ലെന്ന് പരാതിയുണ്ട്.

എങ്ങനെയും മുന്‍ പ്രസിഡന്റിനെ വിജയിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്നാണ് അഡ്വ. അജിതിന്റെ സ്ഥാനാര്‍ഥിത്വവുമായി രംഗത്തുള്ള ഗ്രൂപ്പ് പറയുന്നത്. എന്നാല്‍ ശക്തമായ നേതൃത്വമാണ് ഒഐസിസിക്ക് വേണ്ടതെന്നും അതിന് സി.എം കുഞ്ഞിയുടെ നേതൃത്വത്തിനേ സാധ്യമാകൂ എന്നും ഒഐസിസിയുടെ മുന്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം പറഞ്ഞു. റിയാദിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും സി.എം കുഞ്ഞിയുടെ നേതൃത്വത്തിനെ അംഗീകരിക്കുന്നവരാണെന്നും അതുകൊണ്ട് തന്നെ സി.എം കുഞ്ഞിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് നിരീക്ഷകരായെത്തുന്ന കെപിസിസിയില്‍ നിന്നുള്ള എന്‍. സുബ്രഹ്മണ്യത്തിന്റേയും മാന്നാര്‍ അബ്ദുള്‍ ലത്തീഫിന്റേയും വീസ അടിച്ചതായും അവര്‍ താമസിയാതെ റിയാദിലെത്തുമെന്നും ഒരു സീനിയര്‍ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 31 ന് നടക്കാനാണ് സാധ്യത.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍