ഇസ്ലാമിന്റെ മാനവിക കാഴ്ചപ്പാടുകളെക്കുറിച്ചും സമകാലികതയെക്കുറിച്ചും പ്രഭാഷണം സംഘടിപ്പിച്ചു
Saturday, October 18, 2014 8:26 AM IST
ജിദ്ദ: ആധുനിക ലോകത്തിന്റെ പ്രശ്നങ്ങളേയും പുതുതലമുറയുടെ ജീവിത സമീപനങ്ങളെയും ക്രിയാത്മകമായി സമീപിക്കുവാനും മതത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധം കാലഘട്ടത്തിന് യോജിച്ച നിലപാടുകള്‍ എടുക്കുവാനും മത പ്രബോധകര്‍ക്ക് കഴിയേണ്ടതുണ്െടന്ന് അഖിലേന്ത്യാ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

അബ്ദുള്ള രാജാവിന്റെ നിര്‍ദേശ പ്രകാരം മക്കയില്‍ വിളിച്ചു ചേര്‍ത്ത ലോക മുസ്ലിം പണ്ഡിത സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അവിടെ ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ പാശ്ചാത്തലത്തില്‍ ഇസ്ലാമിന്റെ മാനവിക കാഴ്ചപ്പാടുകളെക്കുറിച്ചും സമകാലികതയെക്കുറിച്ചും പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാലത്തേയും സമൂഹത്തെയും മനസിലാക്കാതെ നിലപാടുകള്‍ എടുക്കുന്നത് വഴി പൊതുജനങ്ങളില്‍ മതത്തോട് പുച്ഛവും വിരക്തിയും ജനിപ്പിക്കുകയാണ് പല പണ്ഡിതന്‍മാരും ചെയ്യുന്നത്. ദൈവിക മതം എല്ലാ കാലഘട്ടത്തിനും യോജിച്ചതാണ്. എല്ലാ കാലത്തെ പ്രശ്നങ്ങളെയും ക്രിയാത്മകമായി അഭിമുഖീകരിക്കുവാന്‍ കരുത്തുറ്റതാണ്. ആ രീതിയില്‍ മതത്തെ വായിക്കുവാനും വിശദീകരിക്കുവാനും കഴിയണം.

പലതരം സംസ്കാരങ്ങളേയും ജീവിത രീതികളേയും ഉള്‍കൊള്ളാന്‍ മത വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. മതകാര്യങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വാഗ്വാദങ്ങളുടെയും വെല്ലുവിളികളുടെയും രീതി സ്വീകരിക്കുന്നതിന് പകരം അതിനെ സഹിഷ്ണുതയുടേയും അഭിപ്രായ വൈവിധ്യതയുടെ കരുത്തിനേയും മാനിക്കുന്ന തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കണം. മതം ജീവിതത്തില്‍ പകര്‍ത്തുക എന്നത് അത്യധികം പ്രയാസമുള്ള ഒന്നാക്കി അവതരിപ്പിക്കുകയല്ല, അതിനെ പരമാവധി എളുപ്പമുള്ളതാക്കി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. മതം പ്രയാസമല്ല എളുപ്പമാണ് ലക്ഷ്യം വയ്ക്കുന്നത്. ലോകത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിന് പകരം മതത്തെ തീവ്രവാദ രീതികളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സായുധ ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ രാജ്യപുരോഗതിയും മത സൌഹാര്‍ദവും ലക്ഷ്യമാക്കി പ്രയത്നിക്കുവാന്‍ മുസ്ലിം സമൂഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഡോ. മടവൂര്‍ ഉണര്‍ത്തി.

72 രാജ്യങ്ങളില്‍ നിന്നുള്ള 300 പ്രതിനിധികള്‍ പങ്കെടുത്ത മക്ക ഇസ്ലാമിക സമ്മേളനത്തില്‍ മനുഷ്യ സമത്വവും മനുഷ്യാവകാശവും ഇസ്ലാമിക സംസ്കാരം അടിസ്ഥാനവും ആധികാരികതയും ഇസ്ലാമും മറ്റു സംസ്കാരങ്ങളും, മുസ്ലിം ഐക്യം, പുതിയ ലോകത്തില്‍ ഇസ്ലാമിന്റെ സ്ഥാനം തുടങ്ങിയ വിഷയങ്ങളില്‍ 17 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടതായി ഡോ. മടവൂര്‍ പറഞ്ഞു. ലോക സമാധാനത്തിനും മത സൌഹാര്‍ദത്തിനും വേണ്ടി സൌദി ഭരണകൂടവും അബ്ദുള്ള രാജാവും നടത്തുന്ന പരിശ്രമങ്ങള്‍ വളരെയേറെ പ്രശംസനീയമാണ്. ഇസ്ലാമിനെയും സൌദി അറേബ്യയെയും വികലമാക്കി ചിത്രീകരിക്കുവാന്‍ മുമ്പില്‍ നില്‍ക്കുന്ന ലോക മാധ്യമങ്ങള്‍ മറ്റു മതങ്ങളുമായും സംസ്കാരങ്ങളുമായും ചേര്‍ന്ന് നിന്നുകൊണ്ട് ഐക്യത്തോടെ നിലനില്‍ക്കുവാനും അങ്ങിനെയുള്ള ഒരു സംസ്കാരം കെട്ടിപ്പടുക്കുവാനുമുള്ള അബ്ദുള്ള രാജാവിന്റെ ആഹ്വാനവും അഭിലാഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത് ദൌര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു .

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഷീര്‍ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു. മുഹമ്മദലി ചുണ്ടക്കാടന്റെ അധ്യക്ഷതയില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് അലി അസ്ഗര്‍, അബ്ദുള്‍ മജീദ് നഹ, പി.എം.എ ജലീല്‍, റഫീഖ് പത്തനാപുരം, ജാഫറലി പാലക്കോട്, ഉസ്മാന്‍ ഇരുമ്പുഴി, സലാഹ് കാരാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ യൂസഫ് ഫാറൂഖി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍