ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ദ്ദേശം
Saturday, October 18, 2014 8:23 AM IST
ഡാളസ്: എബോള വൈറസ് ബാധിച്ചു മരിച്ച അമേരിക്കയിലെ ആദ്യ രോഗി തോമസ് എറിക്ക് ഡങ്കനെ ആശുപത്രിയില്‍ വിവിധ ശുശ്രൂഷകള്‍ നല്‍കിയ ജീവനക്കാര്‍ക്ക് പൊതു ജനങ്ങളുമായി ബന്ധപ്പെടുന്നതിന് താത്കാലിക വിലക്ക്.

ഡാളസ് പ്രസ് ബിറ്റീരിയന്‍ ആശുപത്രിയിലെ എഴുപതില്‍പരം ജീവനക്കാര്‍ എബോള വൈറസിന്റെ മാക്സിമം ഇന്‍ക്യുബേഷന്‍ പിരിയഡായ 21 ദിവസം പൊതുജനങ്ങള്‍ കൂടിവരുന്ന റസ്ററന്റുകളിലോ, ഗ്രോസറി സ്റോറുകളിലോ, മൂവി തിയേറ്റേഴ്സുകളിലോ, വിമാനത്തിലോ, കപ്പലിലോ, ദീര്‍ഘദൂര ബസ് ട്രെയ്നുകളിലോ പ്രവേശിക്കരുതെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഡങ്കനുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഇതു സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൌണ്ടി ജഡ്ജ് ക്ളെ ജെങ്കിള്‍സ്, ഡാളസ് കൌണ്ടി ചീഫ് എക്സിക്യൂട്ടീവ് എന്നിവര്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഹോം ടൌണ്‍ ഹെല്‍ത്ത് കെയര്‍ ഹീറോസ് എന്നാണ് ജീവനക്കാരെ ഇവര്‍ വിശേഷിപ്പിച്ചത്. ആരെങ്കിലും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍