ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പ്രവാസലോകത്ത് ഇനിയും ആരാധകരായില്ല
Saturday, October 18, 2014 8:21 AM IST
റിയാദ്: ഇന്ത്യന്‍ ഫുട്ബോളിന് പുതിയ കരുത്ത് ഊര്‍ജവും പകരുമെന്ന് കായികലോകം വിലയിരുത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളാന്‍ പ്രവാസലോകത്തെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇനിയും ആയിട്ടില്ല. നിറഞ്ഞ ഗാലറിയും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കളിമുഹൂര്‍ത്തങ്ങളുമായി ആറു കളികള്‍ അവസാനിച്ചിട്ടും ഐഎസ്എല്‍ പ്രവാസികള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചയായിട്ടില്ല. ഈയിടെ അവസാനിച്ച ബ്രസീല്‍ ലോകകപ്പ് ഫുട്ബോളിനെ ആബാലവൃദ്ധം ജനങ്ങളും നെഞ്ചേറ്റിയപ്പോള്‍ ഗള്‍ഫു നാടുകളിലെ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ബിഗ് സ്ക്രീനില്‍ കളി കാണാനുള്ള സൌകര്യവും പ്രവചന മത്സരങ്ങളുമൊക്കെയായി കൂടെയുണ്ടായിരുന്നു.

ദേശീയ ഫുട്ബോള്‍ ക്ളബ് ടൂര്‍ണമെന്റായ ഐ ലീഗിന്റെ നിറം മങ്ങിയ പ്രകടനങ്ങളും നിലവാരത്തകര്‍ച്ചയുമായിരിക്കാം ഒരു പക്ഷേ ഐഎസ്എല്ലിനോടും ഇങ്ങനെ ഒരു തണുത്ത പ്രതികരണമെന്നാണ് ഇവിടെയുള്ള കളിയെഴുത്തുകാരുടേയും നിരീക്ഷകരുടേയും അഭിപ്രായം. ഒന്നോ രണ്േടാ സീസണുകള്‍ കഴിയുമ്പോഴേക്കും ഐഎസ്എല്ലിന് താളം കണ്െടത്താനാകുമെന്നും ഇന്ത്യന്‍ ഫുട്ബോളിന് ഒരു നവവസന്തം സമ്മാനിക്കാന്‍ ഈ ടൂര്‍ണമെന്റിന് സാധിക്കുമെന്നാണ് വിദഗ്ധമതം.

സോഷ്യല്‍ മീഡിയകളിലും ഐഎസ്എല്ലിനോട് തണുത്ത സമീപനമാണ് കാണുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനോട് കാണിച്ചതിന്റെ പത്ത് ശതമാനം പോലും പിന്തുണ സോഷ്യല്‍ മീഡിയകളില്‍ ഐഎസ്എല്ലിന് ഇതു വരെ ആര്‍ജിക്കാനായിട്ടില്ല. ഫേസ്ബുക്കിലും ട്വിറ്ററിലും ലക്ഷക്കണക്കിന് ആരാധകര്‍ ഐപിഎല്ലിന് ഉള്ളപ്പോള്‍ സൂപ്പര്‍ ലീഗിന്റെ ആരാധകവൃന്ദം ആയിരങ്ങളിലൊതുങ്ങുകയാണ്.

ഇന്ത്യന്‍ ഫുട്ബോളിന് കരുത്തിന്റെ ഓക്സിജനുമായാണ് ഐഎസ്എല്‍ തുടങ്ങിയിരിക്കുന്നതെന്നാണ് ഒരു കളിയെഴുത്തുകാരനും ഫുട്ബോള്‍ ആരാധകനുമായ നൌഷാദ് കോര്‍മത്ത് അഭിപ്രായപ്പെടുന്നത്.

എന്നാല്‍ കേരളവും കോല്‍ക്കത്തയും ഗോവയും പോലുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊഴികെ മറ്റ് പ്രദേശങ്ങളില്‍ ഐഎസ്എല്ലിന് സ്വീകാര്യത ലഭിക്കാന്‍ അല്‍പ്പം കൂടെ സമയമെടുക്കും. ക്രിക്കറ്റിന് ലഭിച്ച പിന്തുണ ഫുട്ബോളിന് നേടിയെടുക്കണമെങ്കില്‍ ഇന്ത്യയില്‍ ഐഎസ്എല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ ഇനിയും വരണമെന്ന് നൌഷാദ് അഭിപ്രായപ്പെട്ടു. ഫുട്ബോള്‍ അസോസിയേഷനുകളും പിന്തുണ നല്‍കണം. കഴിഞ്ഞ മുഴുവന്‍ കളികളും അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരുന്നു. അത്ലറ്റിക്കൊ ഡി കോല്‍ക്കത്തയും കേരളത്തിന്റെ ബ്ളാസ്റ്റേഴ്സും പ്രതീക്ഷ നല്‍കുന്നതായും റിയാദില്‍ പ്രവാസികള്‍ക്കായി ഒരു ഫുട്ബോള്‍ അസോസിയേഷന്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ നൌഷാദ് കോര്‍മത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഫുട്ബോള്‍ തങ്ങളുടെ പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചു വരുന്നതായി റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും കെഎംസിസി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ കോ ഓര്‍ഡിനേറ്ററുമായ മുജീബ് ഉപ്പട പറഞ്ഞു. കേരള ബ്ളാസ്റ്റേഴ്സ് നല്ല ടീമായി വളരും. കേരളത്തിന്റെ ഗ്രാമങ്ങളില്‍ നിന്നും നല്ല ഫുട്ബോള്‍ താരങ്ങളെ കണ്െടത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കേരള ബ്ളാസ്റ്റേഴ്സ് ശ്രമിക്കണമെന്നും മുജീബ് അഭിപ്രായപ്പെട്ടു.

ഐഎസ്എല്‍ പ്രതീക്ഷ നല്‍കുന്നതായും ഇന്ത്യ വീണ്ടും ലോകകപ്പ് ഫൈനല്‍ മല്‍സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും അസീസിയ സോക്കര്‍ ക്ളബിന്റെ കബീര്‍ വല്ലപ്പുഴ അഭിപ്രായപ്പെട്ടു. ഐ ലീഗ് നല്‍കിയ നിരാശയില്‍ നിന്നുമൊരു മോചനമാണ് ഐഎസ്എല്‍ എന്നും കളി കാണാന്‍ താത്പര്യം വര്‍ധിച്ചതായും ഓരോ മത്സരവും കൂടുതല്‍ മെച്ചപ്പെടുന്നതായും പ്രവാസി ഫുട്ബോള്‍ താരമായ ഷബീര്‍ മുഹമ്മദ് പറഞ്ഞു. ലോകകപ്പ് ഫുട്ബോളിലെ ഒരു മത്സരം പോലും ഒഴിവാക്കാതെ കാണുന്ന പ്രവാസലോകത്തും നാട്ടിലും പേരു കേട്ട ഫുട്ബോള്‍ താരമായ ശരീഫ് കാളികാവ് ഇതു വരെ ഐഎസ്എല്ലിലെ ഒരു മത്സരം പോലും കണ്ടിട്ടില്ല. ഐഎസ്എല്‍ ഇനിയും പ്രവാസലോകത്ത് ഒരു ചര്‍ച്ചയായിട്ടില്ല എന്നതിന്റെ ഒരു മികച്ച ഉദാഹരണമാണിത്. ഫുട്ബോള്‍ ജീവനായി കൊണ്ടു നടക്കുന്ന പ്രവാസലോകത്തെ സമീര്‍ വണ്ടൂര്‍, ബഷീര്‍ തൃത്താല, ബാബു മഞ്ചേരി തുടങ്ങി പലരും ഐഎസ്എല്‍ കാണുന്നതിന് ഇതുവരെ സമയം കണ്െടത്തിയിട്ടില്ല. വരുംനാളുകളില്‍ മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതോടെ ഇന്ത്യന്‍ സോക്കറിന് നവജീവന്‍ പകരാന്‍ അവതരിച്ചിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗും പ്രവാസലോകത്തെ ആരാധകരുടെ ഇടയിലേക്ക് കടന്നു വരുമെന്ന് പ്രതീക്ഷിക്കാം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍