ക്രൈസ്തവ ജീവിതം ക്രിസ്തു കേന്ദ്രീകൃതമാകണം: മാര്‍ ബോസ്കോ പുത്തൂര്‍
Friday, October 17, 2014 6:42 AM IST
മെല്‍ബണ്‍: മറ്റുള്ളവരെ കറിച്ച് കരുതലുള്ളവരും മറ്റുള്ളവരുടെ വേദനയില്‍ പങ്കുചേരുന്നവരുമാണ് യഥാര്‍ഥ ക്രിസ്ത്യനിയെന്ന് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍.

'ക്രിസ്തീയ ജീവിതം ക്രിസ്തു കേന്ദ്രീകൃതമാകണം. ക്രിസ്തീയ ജീവിതം ശിഷ്യത്വം ആവശ്യപ്പെടുന്ന ജീവിതമാണ്'. സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് റീജിയണിലെ കുട്ടികള്‍ക്ക് പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നല്‍കി ദിവ്യബലി മധ്യേയുള്ള സന്ദേശത്തിലാണ് പിതാവ് ഇപ്രകാരം പറഞ്ഞത്.

ആദ്യ കുര്‍ബാന സ്വീകരിച്ചുകൊണ്ട് വിശുദ്ധ കൊച്ചു ത്രേസ്യാ പറഞ്ഞ വാക്കുകള്‍ പിതാവ് കുട്ടികളെ ഓര്‍മപ്പെടുത്തി.

മഴ പെയ്യുമ്പോള്‍ ഒരു തുള്ളി മഴവെള്ളം ഒഴുകി കടലില്‍ ചെന്ന് ചേരുന്നപോലെ, ഈശോയുടെ സ്നേഹമാകുന്ന കടലില്‍ കൊച്ചു ത്രേസ്യായെന്ന ഒരുതുള്ളി മഴവെള്ളം ചെന്നു ചേര്‍ന്നപ്പോള്‍ കൊച്ചു ത്രേസ്യാ ഇല്ലാതായി; എല്ലാം ഈശോയുടെ സ്നേഹം മാത്രം.

മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വികാരി ജനറാളും ഇടവക വികാരിയുമായ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, മെല്‍ബണ്‍ സൌത്ത്-ഈസ്റ് ഇടവക വികാരി ഫാ. ഏബ്രഹാം എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മെല്‍ബണ്‍ നോര്‍ത്ത് റീജിയണിലെ ഏട്ട് കുട്ടികളാണ് പിതാവില്‍ നിന്ന് പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപന കൂദാശയും സ്വീകരി ച്ചത്. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെ ഇടവകാഗംങ്ങളെല്ലാവരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പിതാവ് നിര്‍വഹിച്ചു.

തിരുക്കര്‍മ്മങ്ങളില്‍ സഹായിച്ച സെബാസ്റ്യന്‍ തട്ടില്‍, ജസ്റിന്‍ പള്ളിയാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അള്‍ത്താരസംഘത്തിനും ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ആലപിച്ച മോറീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിനും കുട്ടികളെ പരിശീലിപ്പിച്ച ഫാ. ടോമി കളത്തൂര്‍, ഫാ. ജോസി കിഴക്കേത്തലക്കല്‍, ഗ്ളാഡിസ് സെബാസ്റ്യന്‍ എന്നിവര്‍ക്കും പിതാവ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍