വനിതാ ഗുപ്ത ആക്ടിംഗ് അസിസ്റന്റ് അറ്റോര്‍ണി ജനറല്‍
Friday, October 17, 2014 6:39 AM IST
വാഷിംഗ്ടണ്‍: ആക്ടിംഗ് അസിസ്റന്റ് അറ്റോണി ജനറലായി ഇന്ത്യന്‍ വംശജ വനിതാ ഗുപ്തയെ നിയമിച്ചതായി അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ അറിയിച്ചു.

ആക്ടിംഗ് അസിസ്റന്റ് അറ്റോര്‍ണി ജനറലായി വനിതയെ പ്രസിഡന്റ് ബറാക് ഒബാമ നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനവും സ്വാനമൊഴിയുന്ന എറിക് ഹോല്‍ഡറുടെ സ്ഥാനത്തേയ്ക്കുള്ള വ്യക്തിയുടെ നാമനിര്‍ദേശവും നവംബര്‍ നാലിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം മതി എന്ന് പ്രസിഡന്റ് തിരുമാനമെടുക്കുകയായിരുന്നു.

പക്ഷെ ആക്ടിംഗ് ആയി വനിതാ ഗുപ്ത ഉടനെതന്നെ പദവിയില്‍ പ്രവേശിക്കുകയാണെന്ന് എറിക് പറഞ്ഞു.

വനിതക്ക് ഏറെ വിവാദങ്ങളുള്ള സിവില്‍ റൈറ്റ്സ് വിഭാഗമാണ് നല്‍കിയിരിക്കുന്നത്. ജസ്റീസ് ഡിപ്പാര്‍ട്ടുമെന്റിലെ ഈ പദവിയിലേക്ക് മുമ്പ് നോമിനേറ്റ് ചെയ്യപ്പെട്ടത് ഡേബോ അഡജ്ബൈലിനെ ആയിരുന്നു. സെനറ്റ് ഇയാളെ സ്ഥിരപ്പെടുത്താന്‍ തയാറായില്ല. സെനറ്റില്‍ ചില ഡെമോക്രാറ്റുകളും റിപ്പബ്ളിക്കനൊപ്പം ചേര്‍ന്ന് ഇയാള്‍ക്കെതിരെ വോട്ടു ചെയ്തു.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനിലെ സജീവ പ്രവര്‍ത്തകയായ വനിതയെ പല പ്രമുഖ യാഥാസ്ഥിതികരും പിന്തുണയ്ക്കുന്നുണ്ട്. ഇവരില്‍ നികുതി വിരുദ്ധ പ്രസ്ഥാന നേതാവ് ഗ്രോവര്‍ നോര്‍ക്വിസ്റ്, നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റ് ഡേവിഡ് കീന്‍ എന്നിവരും ഉള്‍പ്പെടുന്നു.