സെന്റ് മേരീസ് ഫാള്‍ ക്ളാസിക് 5 കെ റണ്‍/വാക്ക് വന്‍ വിജയം
Thursday, October 16, 2014 5:49 AM IST
ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ യുവജന വിഭാഗമായ സെന്റ് മേരീസ് യൂത്ത് ലീഗിന്റെ (ടങഥഘഋ) നേതൃത്വത്തില്‍ ഒക്ടോബര്‍ 11ന് (ശനി) റോക്ക്ലാന്റ് സ്റേറ്റ് പാര്‍ക്കില്‍ നടത്തിയ 5 കെ റണ്‍/വാക്ക് വന്‍ വിജയമായി.

കോരിച്ചൊരിയുന്ന പേമാരിയേയും തണുപ്പിനേയും അവഗണിച്ച് നൂറുകണക്കിന് ആളുകള്‍ ഈ ചാരിറ്റി ഫണ്ട് റൈസിംഗ് ഓട്ടത്തില്‍ പങ്കെടുത്തു. നാനൂറോളം പേര്‍ രജിസ്റര്‍ ചെയ്തിരുന്നു. ഇതിലൂടെ ഏകദേശം 11,000 ഡോളര്‍ സംഭാവനയായി ലഭിച്ചു. ഈ തുക മുഴുവന്‍ ലുക്കീമിയ ആന്‍ഡ് ലിംഫോമ സൊസൈറ്റിക്കും മൈക്കിള്‍ ജെ. ഫോക്സ് ഫൌണ്േടഷനും നല്‍കി. കഴിഞ്ഞവര്‍ഷം മുന്നൂറോളം പേര്‍ ആയിരുന്നു രജിസ്റര്‍ ചെയ്തത്. അന്ന് 8,000 ഡോളര്‍ സൊസൈറ്റിക്ക് ലഭിച്ചിരുന്നു.

ഇത്രയും ജനപങ്കാളിത്തമുള്ളതും ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കുന്നതുമായ ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത് കോഓര്‍ഡിനേറ്റേഴ്സായ ബെക്കി ഫിലിപ്പ്, ലീന പോള്‍, ലിജു പോള്‍, സോളമന്‍ ദാനിയേല്‍, സിജു ഫിലിപ്പ് എന്നിവരായിരുന്നു. അതോടൊപ്പം സേവനസന്നദ്ധരായ 75ഓളം വോളണ്ടിയേഴ്സും പ്രവര്‍ത്തിച്ചു. 5 കെ റണ്‍/വാക്കില്‍ പങ്കെടുത്ത നല്ലൊരു ശതമാനം ആളുകളും ഇന്ത്യക്കാരല്ലാത്തവരായിരുന്നു.

രാവിലെ 10 ന് ആരംഭിച്ച പരിപാടികള്‍ക്ക് മുമ്പായി ക്രിസ്റാ ജോര്‍ജ് അമേരിക്കന്‍ ദേശീയ ഗാനം ആലപിക്കുകയും സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നവരേയും പങ്കെടുത്തവരേയും അനുമോദിക്കുകയും പ്രാര്‍ഥനയോടുകൂടി 5 കെ റണ്‍/വാക്ക് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബെക്കി ഫിലിപ്പ്, ലീന പോള്‍, ലിജു പോള്‍, സോളമന്‍ ദാനിയേല്‍, സിജു ഫിലിപ്പ് എന്നിവര്‍ 5 കെ റണ്‍/വാക്കിന്റെ നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഫ്രന്റ് ജീസീസ് ടീം തുടങ്ങിവര്‍ക്ക് പ്ളാക്കുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അതിനുശേഷം മുഖ്യ സ്പോണ്‍സേഴ്സ് ആയ മോഡല്‍സ് സ്പോര്‍ട്ടിംഗ് ഗുഡ്സ്, ഡി.ജെ. യുഎസ്എ, അനീഷ് തിവാരി ഫോട്ടോഗ്രാഫ്സ്, ആംപ്സ്കോ ഇലക്ട്രിക്കല്‍സ് തുടങ്ങിയവരെ ആദരിച്ചു.

10.30ന് തുടങ്ങിയ ഓട്ടത്തില്‍ 3.16 മൈല്‍ ദൂരം 20 മിനിറ്റുകൊണ്ട് ഓടിയെത്തിയ ജേക്കബ് ലൂയിസ് ഒന്നാം സ്ഥാനവും 20.52 മിനിറ്റുകൊണ്ട് ഓടി ജോര്‍ജ് ഇട്ടന്‍ രണ്ടാം സ്ഥാനവും, 21.58 മിനിറ്റുകൊണ്ട് ഓടിയെത്തിയ ജോര്‍ജ് പോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തില്‍ കരീന ഫെറി (23.54), കെല്ലി മക്ഫേഴ്സണ്‍ (25.33), ജാസ്മിന്‍ ഏബ്രഹാം (27.31) എന്നിവരായിരുന്നു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

അത്യന്തം ആവേശകരമായിരുന്ന 5 കെ റണ്‍/വാക്കില്‍ സംബന്ധിച്ചവര്‍ വീണ്ടും അടുത്തവര്‍ഷം കൂടാമെന്നുള്ള വിശ്വാസത്തില്‍ സ്വാദിഷ്ടമായ ഭക്ഷണത്തിനുശേഷം പിരിഞ്ഞു. ഈ ചാരിറ്റ് ഇവന്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രഭാത ഭക്ഷണവും ബാര്‍ബിക്യൂവും സംഘാടകര്‍ നല്‍കി.

കാരുണ്യഹസ്തം നീട്ടി ഇങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവതലമുറയെ സെന്റ് മേരീസ് ഇടവക വികാരി റവ.ഫാ.ഡോ. രാജു വര്‍ഗീസ്, സെക്രട്ടറി ലിസി ഫിലിപ്പ്, ട്രസ്റി കുര്യാക്കോസ് ചാക്കോ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ഫിലിപ്പോസ് ഫിലിപ്പ്