സീറോ മലബാര്‍ കുര്‍ബാനയുടെ പഞ്ചാബി പരിഭാഷ വരുന്നു
Thursday, October 16, 2014 2:55 AM IST
ന്യൂഡല്‍ഹി: പഞ്ചാബ് ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഫരീദാബാദ് രൂപതയിലെ പഞ്ചാബി വിശ്വാസികള്‍ക്കായി സീറോ മലബാര്‍ കുര്‍ബാനയുടെ പഞ്ചാബി തര്‍ജമ തയാറാക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ളീഷ്, തമിഴ് തുടങ്ങിയ വിവിധ ഭാഷകളില്‍ സീറോ മലബാര്‍ കുര്‍ബാന ഉണ്െടങ്കിലും ആദ്യമായിട്ടാണു പഞ്ചാബിയില്‍ പരിഭാഷ തയാറാക്കുന്നതെന്നു ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ദീപികയോടു പറഞ്ഞു.

ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ കീഴില്‍ പഞ്ചാബില്‍ ആരംഭിച്ച നാലു പുതിയ മിഷനുകളില്‍ പ്രധാനമായും പഞ്ചാബി ഭാഷയിലായിരിക്കും ആരാധനാക്രമങ്ങള്‍ അനുഷ്ഠിക്കുക. സീറോ മലബാര്‍ സിനഡിന്റെ കേന്ദ്ര ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെ അനുവാദത്തോടെ ആരംഭിച്ചിരിക്കുന്ന പഞ്ചാബി പരിഭാഷ രൂപതാധ്യക്ഷന്റെ മേല്‍നോട്ടത്തില്‍ പരീക്ഷണാര്‍ഥം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നതാണെന്നു രൂപതാകേന്ദ്രം അറിയിച്ചു. എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനു വിദഗ്ധരുടെ സംഘം പഞ്ചാബി പരിഭാഷയുടെ പണിപ്പുരയിലാണ്.പഞ്ചാബി പരിഭാഷയ്ക്കായി രൂപീകരിച്ച ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര രക്ഷാധികാരിയായ സമിതിയില്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലും ഫാ. ജോസഫ് കോക്കാട്ടും നേതൃത്വം നല്‍കുന്നു. ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍, സിഎസ്ടി പ്രോവിന്‍ഷ്യല്‍ റവ. ഡോ. ജോണ്‍ കപ്യാരുമലയില്‍, റവ. ഡോ. ജോസഫ് കോക്കാട്ട്, റവ. ഡോ. മാത്യു പാലച്ചുവട്ടില്‍, റവ. ഡോ. ജി.പി. ഗോപുരത്തിങ്കല്‍, ഫാ. സണ്ണി ചാരക്കുന്നത്ത് സിഎസ്ടി, ഫാ. സെബാസ്റ്യന്‍ അരീപറമ്പില്‍, ഡോ. സിറിയക് കൊച്ചാലുങ്കല്‍ സിഎസ്ടി, ഫാ. ആന്റണി ജോസഫ് കൊച്ചുമറ്റം, സിസ്റര്‍ പ്രോസ്പര്‍ സിഎംസി എന്നിവര്‍ പരിഭാഷയ്ക്കായുള്ള വിദഗ്ധ സമിതിയിലെ അംഗങ്ങളാണ്.