എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്സിന്റെ നാടകം മേരിലാന്‍ഡില്‍
Wednesday, October 15, 2014 4:02 AM IST
ലോറല്‍ (മെരിലാന്‍ഡ്): എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ക്രിസ്ത്യന്‍സ് (ഇസികെകെ) ആഭിമുഖ്യത്തില്‍ കൌണ്‍സിലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ഒക്ടോബര്‍ 11 ശനിയാഴ്ച ലോറല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് മലയാളം ക്ളബ്ബിന്റെ മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകം നടത്തി.

എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ സ്പിരിച്വല്‍ അഡ്വൈസര്‍ ഫാ. കെ. പി വറുഗീസിന്റെ പ്രാര്‍ത്ഥനയോടും സ്വാഗതത്തോടും ആരംഭിച്ച യോഗത്തില്‍ ഷഹി പ്രഭാകര്‍ ഗാനമാലപിച്ചു. നാടകാവസാനം കൌണ്‍സിലിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാമുവല്‍ തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു. പ്രസിഡന്റ് ഡോ. ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി ഡോ. സജി എബ്രഹാം, ട്രഷറര്‍ ദയാല്‍ എബ്രഹാം, ടി.സി ഗീവര്‍ഗീസ്, ഷീബാ മാത്യു, സാജു മാര്‍ക്കോസ്, ഷീബ ചെറിയാന്‍, ഷീജ ജോണ്‍, ഷാജു ജോസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഒരു നാടകം നന്നായിരിക്കുന്നുവെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നതിന്റെ പ്രധാനകാരണം തീവ്രതയാര്‍ന്നൊരു പ്രമേയത്തെ അപ്രതീക്ഷിതവും അപ്രകാശിതവുമായ നിരവധി നാടകമുഹൂര്‍ത്തങ്ങളാല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ കഥാപാത്രങ്ങളിലൂടെ വിശ്വസനീയമാം വിധം അവതരിപ്പിക്കപ്പെടുമ്പോഴാണ്. ഒരു നാടകത്തിന്റെ മഹത്വം നിര്‍ണ്ണയിക്കപ്പെടുന്നത് അതില്‍ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്ന നാടകീയ സംഘട്ടനങ്ങളുടെ തോത് അനുസരിച്ചാണ്. ഫൈന്‍ ആര്‍ട്സ് മലയാളം മെരിലാന്‍ഡില്‍ അവതരിപ്പിച്ച നടാകം, നാടകീയ മുഹൂര്‍ത്തങ്ങളുടെ ഔന്നത്യത്താലും അവതരണത്തിന്റെ ആവിഷ്ക്കാരത്തിന്റെയും ആസ്വാദിതമായ ആസ്ഥായികരാലും നല്ല നിലവാരം പുലര്‍ത്തി.

യേശു പറഞ്ഞ ധൂര്‍ത്ത പുത്രന്റെ കഥയില്‍, ഒരു അമ്മ ഉണ്ടായിരുന്നുവെങ്കില്‍ ആ ഭവനത്തിലൊരു ധൂര്‍ത്തപുത്രന്‍ ഉണ്ടാകുമായിരുന്നോ? സംശയമാണ്. ജോണ്‍ ഹെര്‍ബര്‍ട്ട് പറയുന്നു. അമ്മ നൂറ് ഉപദേഷ്ടാക്കളുടെ ഗുണം ചെയ്യും. ഈ നാടകത്തിന്റെ പ്രമേയം ഈ ആധുനിക യുഗത്തിലെ അമ്മയാണ്. ഈ നൂറ്റാണ്ടിന്റെ സൃഷ്ടിയായി ഉപഭോക്തൃസംസ്ക്കാരത്തിന്റെ സ്വാധീന വലയത്തിലാണ് ഇന്നത്തെ തലമുറ. മാര്‍ക്കറ്റില്‍ നിന്ന് ഒരു വസ്തു വാങ്ങി ഉപയോഗിക്കുന്നു. അത് ഉപയോഗിച്ച് പൂര്‍ണ്ണമായും ഉപയോഗശൂന്യമാകുമ്പോള്‍ ഒരു പാഴ് വസ്തുവായി കരുതി ഗാര്‍ബേജ് ബാഗിലേയ്ക്കോ, വഴി വക്കിലേയ്ക്കോ വലിച്ചെറിയുന്നു. തങ്ങളുടെ ജീവിനും ജീവിതവും ആയുസ്സും ആരോഗ്യവും സമ്പത്തും സമയവുമല്ലൊം തങ്ങളുടെ മക്കളുടെ വളര്‍ച്ചക്കും ഉയര്‍ച്ചയ്ക്കുമായി ചെലവഴിച്ച മാതാപിതാക്കള്‍ പ്രായാധിവൃത്തിയുടെ അവഗണനകളാലും അസുഖങ്ങളാലും തളരുമ്പോള്‍ അവരെ ഒരു പാഴ് വസ്തുവിനെ പോലെ കരുതി ആയിരങ്ങള്‍ ഒത്തുകൂടുന്ന ഉത്സവപ്പറമ്പിലോ വിജനമായ വഴിയോരങ്ങളിലോ ഉപേക്ഷിച്ച് കടന്നു കളയുന്ന മക്കളെക്കുറിച്ചുള്ള ഈ വാര്‍ത്തകള്‍ എന്നും ദിനപത്രങ്ങളില്‍ ഇടം തേടാറുണ്ട്. ഇത് ഇന്നിന്റെ കഥയാണ്. നിങ്ങളുടെ കഥയാണ്. ഈ നാടകത്തില്‍ എവിടെയെങ്കിലും വച്ച് നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കണ്ടുമുട്ടിയേക്കാം. ഒരുപക്ഷേ, നിങ്ങള്‍ക്ക് അറിയാവുന്ന മറ്റു പലരേയും കണ്ടുമുട്ടിയേക്കാം.
നാം എത്തിച്ചേര്‍ന്ന ലോകത്തെ മാത്രമല്ല, നാം എത്തിച്ചേരേണ്ടുന്ന ലോകമേതെന്നു കാണിച്ചു തരുന്നതാണ് ഒരു നാടകത്തിന്റെ ധര്‍മ്മം.

ഒരു അമ്മയില്ലാത്തൊരു ഭവനത്തിലേക്ക് ഒരമ്മ കടന്നു വരുമ്പോള്‍ അവിടെ വികലമായ വ്യക്തിബന്ധങ്ങളും ശിഥിലമായ കുടുംബബന്ധങ്ങളും വഴിമാറുന്നു. ആ അമ്മ ഏവരെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സേവനത്തിന്റെയും വര്‍ണ്ണ ഇഴകള്‍ കോര്‍ത്തിണക്കുമ്പോള്‍ കാര്‍മേഘം മാറിയ നീലാകാശത്തില്‍ ഒരുമിച്ചു വരുന്ന വര്‍ണ്ണാഭമായ മഴവില്ലു പോലെ സംതൃപ്തി പ്രേക്ഷകരുടെ മനസ്സില്‍ ഇതള്‍ വിടരുന്നതോടെ നാടകം പൂര്‍ണ്ണമാകുന്നു.

മേരിലാന്‍ഡില്‍ നടന്ന നാടകാവതരണത്തില്‍ അഭിനയിച്ചവരും, പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും
കൃഷ്ണന്‍കുട്ടിനായര്‍- ജോസ് കാഞ്ഞിരപ്പള്ളി, മധുസൂദനന്‍-സണ്ണി റാന്നി, കുഞ്ഞുണ്ണി- റോയി മാത്യു, ഹരിശങ്കര്‍-ടീനോ തോമസ്, ശ്രേയ-ദിവ്യ ശ്രീജിത്ത്, അമ്മ-ജിനു പ്രമോദ്, പ്രതിഭ-സജിനി സക്കറിയ, ഡോ. നിരഞ്ജന്‍-ജോര്‍ജ് തുമ്പയില്‍, നാടകരചന - ഫ്രാന്‍സിസ് ടി. മാവേലിക്കര, സംവിധാനം- റെഞ്ചി കൊച്ചുമ്മന്‍, പ്രൊഡ്യൂസര്‍- ജോസ് കുട്ടോലമഠം, ലൈറ്റ്- ജിജി എബ്രഹാം, മ്യൂസിക്ക്- റീന മാത്യു, ഷൈനി എബ്രഹാം, സാങ്കേതിക വിഭാഗം ചീഫ്- സാം പി എബ്രഹാം, ചീഫ് സ്റേജ് മാനേജര്‍- ചാക്കോ ടി ജോണ്‍, സ്റ്റേജ് മാനേജര്‍- ശ്രീജിത്ത് മേനോന്‍, ക്രിസ്റ്റി സക്കറിയ, ജയന്‍ ജോസഫ്, സൌണ്ട്- ബാബു ജോര്‍ജ്.

റിപ്പോര്‍ട്ട്: സണ്ണി മാമ്പിള്ളി