പിഴവുകളിലും പണം കൊയ്ത് എയര്‍ ഇന്ത്യ
Monday, October 13, 2014 7:34 AM IST
റിയാദ്: പാസ്പോര്‍ട്ടിലേയോ മറ്റ് യാത്രാരേഖകളിലേയോ മുഴുവന്‍ വിവരങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്യുന്ന സമയത്ത് നല്‍കിയിരിക്കണമെന്ന അയാട്ട നിഷ്കര്‍ഷ ഈയിടെ കര്‍ശനമാക്കിയതോടെ അതും പണം കൊയ്യാനുള്ള മാര്‍ഗമായി എയര്‍ ഇന്ത്യ മാറ്റിയിരിക്കുകയാണെന്ന് വ്യാപകമായി പരാതി ഉയരുന്നു.

സൌദി എയര്‍ലൈന്‍സിലോ മറ്റ് എയര്‍ലൈനുകളിലോ ടിക്കറ്റ് ഇഷ്യു ചെയ്യണമെങ്കില്‍ യാത്രാരേഖകളുടെ നമ്പറും കാലാവധിയുമടക്കമുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം. മുഴുവന്‍ വിവരങ്ങള്‍ നല്‍കാതെ ഈ എയര്‍ലൈനുകളുടെ സിസ്റത്തില്‍ നിന്നും ടിക്കറ്റുകള്‍ നല്‍കാന്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് സാധ്യമല്ല. എന്നാല്‍ എയര്‍ ഇന്ത്യയുടെ സിസ്റത്തില്‍ നിന്നും ഇതൊന്നും നല്‍കാതെ ടിക്കറ്റ് നല്‍കാന്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് സാധിക്കുമെങ്കിലും പിന്നീട് 100 റിയാലിന്റെ പിഴസംഖ്യ ഡെബിറ്റ് നോട്ട് ആയി വരുമ്പോഴാണ് ഏജന്റുമാര്‍ അമളി പറ്റിയത് മനസിലാക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 200 റിയാലും കൊടുക്കേണ്ടി വരും.

വിദൂര ദിക്കുകളിലെ മസ്രകളില്‍ നിന്നും മറ്റും ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പലപ്പോഴും തെറ്റായ വിവരങ്ങളാകും നല്‍കുകയെന്നും അതുപ്രകാരം ഇഷ്യൂ ചെയ്യുന്ന ടിക്കറ്റിന് പണമടക്കാന്‍ വരുമ്പോഴായിരിക്കും യാത്രാരേഖകള്‍ പരിശോധിക്കാന്‍ പറ്റുന്നതെന്നും അപ്പോള്‍ പിന്നെ യാത്രക്കാരനില്‍ നിന്നും പിഴ സംഖ്യ ഈടാക്കല്‍ അസാധ്യമാണെന്നുമാണ് ബത്ഹയിലും മറ്റുമുള്ള ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. പിഴ ഈടാക്കുന്നതിന് പകരം യാത്രക്കു മുമ്പായി യാത്രാരേഖകളിലെ ചെറിയ പിഴവുകള്‍ തിരുത്താനുള്ള സൌകര്യം എയര്‍ ഇന്ത്യ അനുവദിച്ചു നല്‍കണമെന്നാണ് അവരുടെ ആവശ്യം. അല്ലെങ്കില്‍ മറ്റ് എയര്‍ലൈനുകള്‍ ചെയ്തതു പോലെ യാത്രാരേഖകള്‍ ചേര്‍ക്കാതെ ടിക്കറ്റ് ഇഷ്യൂ ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സിസ്റ്റം പരിഷ്കരിക്കണം.

യാത്രക്കാരില്‍ നിന്നും ഏത് വിധേനയും പണം കൊയ്യാനുള്ള എയര്‍ ഇന്ത്യയുടെ ഇത്തരം തീരുമാനങ്ങള്‍ മൂലം ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനികളോടുള്ള യാത്രക്കാരുടേയും ഏജന്റുമാരുടേയും താത്പര്യവും കുറഞ്ഞു വരികയാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍