അമേരിക്കയില്‍ രണ്ടാമത്തെ എബോള വൈറസ് രോഗി ആദ്യ രോഗിയുടെ നഴ്സ്
Monday, October 13, 2014 7:31 AM IST
ഡാളസ് (ടെക്സസ്): അമേരിക്കയിലെ എബോള വൈറസ് ബാധിച്ചു മരിച്ച ആദ്യ രോഗി തോമസ് എറിക് ഡങ്കനെ ആശുപത്രിയില്‍ ശുശ്രൂഷിച്ച ഫീമെയില്‍ നഴ്സിന് എബോള വൈറസ് രോഗം ബാധിച്ചതായി ഒക്ടോബര്‍ 11 ന് (ഞായര്‍) ഉച്ചയ്ക്കുശേഷം സിഡിഡി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വെളളിയാഴ്ച മുതല്‍ നഴ്സിന് പനിയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എബോള വൈറസ് പോസിറ്റീവാണെന്നുളള റിസള്‍ട്ട് വന്നത്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. തോമസ് ഫ്രീഡ് മെന്‍ ആണ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്.

ഡാളസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയിലെ ചികിത്സയ്ക്കിടയിലാണ് അമേരിക്കയിലെ ആദ്യ എബോള രോഗി മരിച്ചത്.

എബോള രോഗിയില്‍ നിന്നും രോഗം മറ്റൊരാളിലേക്ക് പ്രവേശിച്ച സംഭവവും അമേരിക്കയിലെ ആദ്യ സംഭവമാണ്. രോഗിയെ ഐസോലേറ്റ് ചെയ്തതായി ഡയറക്ടര്‍ അറിയിച്ചു.

ആദ്യ എബോള രോഗിക്ക് ചികിത്സ നല്‍കിയവരില്‍ 48 പേരാണ് സൂക്ഷ്മ നിരീക്ഷണത്തിലുളളത്. രോഗിയെ കുറിച്ചുളള വിവരങ്ങള്‍ വളരെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബോള വൈറസ് വ്യാപകമാകുന്നതിനെക്കുറിച്ചു പരിഭ്രാന്തരാകേണ്െടന്നും ആരോഗ്യ വകുപ്പധികൃതര്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചു വരുന്നതായും ഡയറക്ടര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍