മലയാളി എന്‍ജിനിയര്‍ ശരത്തിന്റെ തിരോധാനം: അന്വേഷണമാവശ്യപ്പെട്ട് സുഷമ സ്വരാജിന് നിവേദനം നല്‍കി
Monday, October 13, 2014 7:30 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ തുറമുഖത്ത് കപ്പലില്‍ വന്നിറങ്ങിയ സിംഗപ്പൂര്‍ എംഎസ്ഐ ഷിപ്പിംഗ് കമ്പനിയിലെ മലയാളി മറൈന്‍ എന്‍ജിനിയര്‍ ആറ്റിങ്ങല്‍ സ്വദേശി ശരത് പ്രഭാസുധന്റെ (24) തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന് നിവേദനം നല്‍കി. പ്രഭാസുതന്‍-ശ്രീലത ദമ്പതിമാരുടെ രണ്ട് മക്കളില്‍ ഇളയവനാണ് ശരത്.

സിംഗപ്പൂര്‍ ഷിപ്പിംഗ് കമ്പനിയില്‍ മറൈന്‍ എന്‍ജിനിയര്‍ ട്രെയ്നിയായി മൂന്നു മാസത്തെ പരിശീലനത്തിനുശേഷം ആദ്യമായാണ് ഷിപ്പില്‍ യാത്രയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ ഹോങ്കോംഗില്‍ എത്തി. അവിടെ നിന്നാണ് ഹൂസ്റണിലേക്കും യാത്ര പുറപ്പെട്ടത്.

ഹൂസ്റണില്‍ ഇരുപതു ദിവസത്തോളം നങ്കൂരമിട്ട കപ്പലില്‍ നിന്നും ശരത് പലതവണ ഷോപ്പിംഗിനായി ഹൂസ്റണില്‍ ചുറ്റി കറങ്ങിയിരുന്നു.

2013 ജൂലൈ 27 നായിരുന്നു ഹൂസ്റണില്‍ നിന്നും കൊറിയയിലേക്ക് മടക്കയാത്ര ആരംഭിച്ചത്. യാത്ര പുറപ്പെടുമ്പോള്‍ ശരത് കപ്പലിലുണ്ടായിരുന്നുവെന്നും ജൂലൈ 29 മുതല്‍ കാണാനില്ലെന്നുമാണ് ജൂലൈ 30 ന് ശരത്തിന്റെ കുടുംബാംഗങ്ങളെ കപ്പല്‍ അധികൃതര്‍ അറിയിച്ചത്.

കപ്പലില്‍ നിന്നും വെളളത്തിലേക്ക് വീണ് മരിച്ചിരിക്കാം എന്നാണവരുടെ നിഗമനം. 25 കൊറിയാക്കാരും നാലു ഫിലിപ്പിനുകളും ഏക ഇന്ത്യാക്കാരനും മലയാളിയുമായ ശരത്തുമാണ് കപ്പലിലുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി കപ്പലധികൃതരെ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടുവെങ്കിലും നിരാശാ ജനകമായ മറുപടിയാണ് ലഭിച്ചതെന്ന് പിതാവ് പ്രഭാ സുതന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ശരത്തിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഇന്ത്യന്‍ എംബസിയിലൂടെ പരാതി നല്‍കി. ഇന്ത്യന്‍ എംബസി അമേരിക്കന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടുവെങ്കിലും അന്വേഷണം വഴി മുട്ടുകയായിരുന്നു. ശരത്തിന്റെ പിതാവ് അമേരിക്കയിലുളള സാമൂഹ്യ, സാംസ്കാരിക സംഘടനാ നേതാക്കളുടെ സഹകരണം ആവശ്യപ്പെട്ട് കത്തയച്ചു. തുടര്‍ന്ന് ഹൂസ്റണിലുളള ചിലര്‍ പ്രാഥമിക അന്വേഷണം നടത്തി. ശരത് അപ്രത്യക്ഷമായി ചില ദിവസങ്ങള്‍ക്കുശേഷം ഹൂസ്റണ്‍ ഹാരിസ് കൌണ്ടിയിലുളള മെന്റല്‍ ഹോസ്പിറ്റലില്‍ നിന്നും ശരത്തിന്റെ ആറ്റിംഗിലുളള വീട്ടിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചത് സംശയങ്ങള്‍ക്ക് ഇടനല്‍കി. ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയുളള ഒരു വ്യക്തിയെക്കുറിച്ചോ ഫോണ്‍ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചോ അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. രോഗികളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിരവധി പരിമിതികള്‍ ഉളളതിനാല്‍ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിയില്ല.

അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മകന്‍ ശരത്. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്പ എടുത്ത് വളരെ കഷ്ടപ്പെട്ടാണ് മകന്റെ വിദ്യാഭ്യാസം പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കുമ്പോള്‍ മാതാപിതാക്കളുടെ ദുഃഖത്തിന്റെ ആഴം മനസിലാക്കാവുന്നതേയുളളൂ.

ഇന്ത്യയുടെ പുതിയ വിദേശ കാര്യ മന്ത്രിക്കു കഴിഞ്ഞ മാസം വീണ്ടും പരാതി നല്‍കി. പ്രതീക്ഷയോടെ നാളുകള്‍ തളളി നീക്കുകയാണ് മാതാപിതാക്കള്‍. അമേരിക്കയുടെ ഏതെങ്കിലും ഒരു കോണില്‍ തങ്ങളുടെ പ്രിയ മകന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെയാണവരുടെ വിശ്വാസം ഒക്ടോബര്‍ 10 ന് ശരത്തിന്റെ പിതാവുമായി അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എങ്ങും എത്തിയില്ല. ഇടറിയ കണ്ഠങ്ങളോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്.

ഹൂസ്റണില്‍ ശരത് വണ്ടിയിറങ്ങിയപ്പോള്‍ സുഹൃത്തുക്കളുമായി എടുത്ത ചില ചിത്രങ്ങള്‍ ഈ വാര്‍ത്തയോടെ പോകുന്നു. ഇതില്‍ കാണുന്ന ശരത്തിനെ ആരെങ്കിലും കണ്ടുമുട്ടിയിട്ടുണ്െടങ്കിലോ ശരത്തിന്റെ തിരോധാനത്തെക്കുറിച്ചുളള എന്തെങ്കിലും സൂചനകള്‍ ലഭിക്കുന്നുവെങ്കില്‍ വിവരം അറിയിക്കണമെന്ന് പിതാവ് ഫോണിലൂടെ അഭ്യര്‍ഥിച്ചു.

സുഷ്മ സ്വരാജിന് അയച്ച പരാതി ലഭിച്ചുവെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പു നല്‍കുന്ന ഒരു മറുപടി ലഭിച്ചതു മാത്രമാണ് മകനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷക്ക് ജീവന്‍ നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രഭാസുതന്‍ : 9194 4639 1596.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍