സെന്റ് ജോസഫ് പാരിഷ് സെന്റര്‍ ഷേയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു
Monday, October 13, 2014 5:04 AM IST
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലെ രണ്ടരലക്ഷത്തോളം വരുന്ന വിവിധ രാജ്യക്കാരായ കത്തോലിക്കാ വിശ്വാസികള്‍ക്കായുള്ള സെന്റ് ജോസഫ് പാരിഷ് സെന്റര്‍ ഷേയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിനു വരുന്ന വിശ്വാസികളാണ് പിന്നീട് നടന്ന കൂദാശ ചടങ്ങില്‍ പങ്കെടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക ഇടവകളില്‍ ഒന്നായ അബുദാബി സെന്റ് ജോസഫ് സെന്ററിന്റെയും സെന്റ് തെരേസാ ചൈല്‍ഡ് ജീസസ് ചാപ്പലിന്റെയും ഉദ്ഘാടനം യുഎഇ സാമൂഹിക, സാംസ്കാരിക യുവജന ക്ഷേമ മന്ത്രി ഷെയ്ക്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു. വികരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ് പോള്‍ ഹിന്‍ണ്ടര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ യുഎഇ പ്രസിഡന്റിന്റെ നീതിന്യായ, മതകാര്യ ഉപദേഷ്ടാവ് ഷെയ്ക്ക് അലി അല്‍ ഹാഷ്മി, ബിഷപ് ക്യമിലോ ബാലിന്‍ ബിഷപ് ഓഫ് നോര്‍ത്തേണ്‍ അറേബ്യ, ആര്‍ച്ച് ബിഷപ് പീറ്റര്‍ രാജിക്ക്, വികാരി ശബരി മുത്തു, മറ്റു പുരോഹിതര്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പിന്നീട് പുതിയ ചാപ്പലും സെന്റ് ജോസഫ് സെന്ററും ഷെയ്ക്ക് നഹ്യാനും ബിഷപ്പുമാരും സന്ദര്‍ശിച്ചു. തുടര്‍ന്ന് ബിഷപ്പ് പോള്‍ ഹിന്‍ണ്ടറിന്റെയും മറ്റു സഹ കാര്‍മികരുടെയും നേതൃത്വത്തില്‍ ചാപ്പലിന്റെയും സെന്റ് ജോസഫ് സെന്ററിന്റെയും കൂദാശ നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ രാജ്യക്കാരുടെ നേതൃത്വത്തില്‍ നടന്ന കാഴ്ചവയ്പ് ചടങ്ങ് നടന്നു. അതില്‍ ആഫ്രിക്കന്‍ വംശജരുടെ കാഴ്ചവയ്പ് വ്യത്യസ്തമായി. പിന്നീട് നടന്ന ദിവ്യബലിയില്‍ പതിനായിരക്കണക്കിനു വിശ്വാസികളാന് പങ്കെടുത്തത്. തുടര്‍ന്ന് വിവിധ കലാ പരിപാടികളും നടന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള