പാസ്പോര്‍ട്ട്, വീസ സേവനങ്ങള്‍ക്ക് എംബസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
Monday, October 13, 2014 5:01 AM IST
കുവൈറ്റ് സിറ്റി : പാസ്പോര്‍ട്ട്, വീസ അപേക്ഷകളുടെ പേരില്‍ നടക്കുന്ന വ്യാപക തട്ടിപ്പിനെ തുടര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

രാജ്യത്തെ മൂന്ന് പ്രദേശങ്ങളിലായി (കുവൈറ്റ് സിറ്റി, ഫഹാഹീല്‍, അബാസിയ) പാസ്പോര്‍ട്ട്, വീസ സേവനങ്ങള്‍ എം.സി കോക്സ് ആന്‍ഡ് കിംഗസ് ഗ്ളോബല്‍ സര്‍വീസെന്ന കമ്പനിക്കാണ് പുറം പണി കരാര്‍ നല്‍കിയിരിക്കുന്നത്. പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്കായി സേവന കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കണമെന്ന് എംബസി നിര്‍ദ്ദേശിച്ചു.

ഫോം പുരിപ്പിക്കുവാനും അതിനുവേണ്ട സഹായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുമുളള സംവിധാനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട്, വീസ സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ക്ക് സമീപം പുറം പണി കരാര്‍ നല്‍കിയ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലാത്ത എജന്റുകള്‍ അമിതമായ നിരക്കുകള്‍ ഈടാക്കുന്നതായി എംബസിയുടെ ശ്രദ്ധയില്‍ പെട്ടതായും ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉത്തരവാദിത്തപെട്ടവരെ അറിയിക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു. എല്ലാ സര്‍വീസ് കേന്ദ്രങ്ങളിലും അതത് സര്‍വീസുകള്‍ക്ക് ഈടാക്കുന്ന നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എസ്എംഎസ് സര്‍വീസിന് 0.400 ഫില്‍സും കൊറിയര്‍ സര്‍വീസിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ആണെങ്കില്‍ 1.250 ദിനാറും ഫോറിന്‍ പാസ്പോര്‍ട്ട് ആണെങ്കില്‍ 4.500 ദിനാറും പകര്‍പ്പ് എടുക്കുന്നതിന് 100 ഫില്‍സും ഫോട്ടോ ബൂത്ത് (ആറ് ഫോട്ടോകള്‍) എടുക്കുന്നതിന് 2.750 കുവൈറ്റ് ദിനാറും ഫോമുകള്‍ പൂരിപ്പിക്കുന്നതിന് 1.000 കുവൈറ്റ് ദിനാര്‍ ഇന്ത്യക്കാര്‍ക്കും 3.000 ദിനാര്‍ വിദേശികള്‍ക്കുമായി നിജപ്പെടുത്തിയിട്ടുണ്ടന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പാസ്പോര്‍ട്ട്, വീസ സേവനങ്ങള്‍ നല്‍കുന്നതായി പരസ്യം നല്‍കി സര്‍ക്കാരിന്റെ സൈറ്റുകള്‍ക്ക് സമാനമായ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ സൈറ്റുകളെ സൂക്ഷിക്കണമെന്ന് എംബസി അറിയിച്ചു. വീസ സംബന്ധമായ കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ ംംം.ശിറശമ്ിശമീിെഹശില.ഴ്ീ.ശി എന്ന സൈറ്റ് മുഖേനയും അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ സൈറ്റുകളില്‍ വീസക്ക് അപേക്ഷിച്ച് വഞ്ചിതരാകരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി. വീസ സംബന്ധമായ ഫീസുകള്‍ ഷാര്‍ഖ്, ഫഹാഹീല്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലാണ് നല്‍കേണ്ടത്. അടിയന്തര ഘട്ടങ്ങളില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിലെ വീസ വിഭാഗത്തയോ (ഫോണ്‍ നമ്പര്‍. 22530600 എക്സ്റന്‍ഷന്‍ 279 ) എം.സി കോക്സ് ആന്‍ഡ് കിംഗസ് ഗ്ളോബല്‍ സര്‍വീസ് ശര്‍ഖ് മാനേജരയോ (97928978) ബന്ധപ്പെടാവുന്നതാണന്ന് എംബസി അറിയിച്ചു.

ഷാര്‍ഖിലെയും ഫഹാഹീലിലെയും വീസ സേവനങ്ങള്‍ നല്‍കുന്ന ഓഫീസില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ എട്ടു മുതല്‍ 12 വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയും ഉണ്ടായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെയും സേവനങ്ങള്‍ ലഭ്യമായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍