കേഫാക് ഫുട്ബോള്‍ ലീഗ് സീസണ്‍ മൂന്നിന് തുടക്കമായി
Monday, October 13, 2014 5:00 AM IST
കുവൈറ്റ്: കേഫാക് ഗ്രാന്‍ഡ് ഫുട്ബോള്‍ ലീഗ് സീസണ്‍ മൂന്ന് മത്സരങ്ങള്‍ക്ക് മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ തുടക്കമായി.

നൂറുകണക്കിന് ഫുട്ബാള്‍ പ്രേമികളെ സാക്ഷി നിര്‍ത്തി ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിയണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി ഉദ്ഘാടന മത്സരത്തിന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ സോക്കര്‍ കേരളയും സ്റാര്‍ ലൈറ്റ് വാരിയേഴ്സും നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്റാര്‍ ലൈറ്റിനെ പിന്തള്ളി സോക്കര്‍ കേരള ലീഗിലെ വിജയകുതിപ്പിന് തുടക്കമിട്ടു. കളിയുടനീളം ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച സ്റാര്‍ലൈറ്റിന്റെ ബെന്‍ ക്രിസ്റല്‍ ആണ് കളിയിലെ താരം.

തുടര്‍ന്നു നടന്ന രണ്ടാം മത്സരത്തില്‍ ബ്രദേഴ്സ് കേരള മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബിഗ് ബോയ്സിനെ തോല്‍പ്പിച്ചു. വിജയികള്‍ക്കുവേണ്ടി അമീര്‍, ആന്റണി എന്നിവര്‍ ഗോളുകള്‍ നേടി. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ബ്രദേഴ്സ് കേരളയുടെ ആന്റണിക്ക് സമ്മാനിച്ചു. സ്പാര്‍ക്സ് എഫ്സിയും ചാമ്പ്യന്‍സ് എഫ്സി അബാസിയയും ഏറ്റുമുട്ടിയ മൂന്നാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചാമ്പ്യന്‍സ് എഫ്സിയെ സ്പാര്‍ക്സ് എഫ്സി പരാജയപ്പെടുത്തി. കളിയുടനീളം മികച്ച പ്രകടനം കാഴ്ചവച്ച സ്പാര്‍ക്സ് എഫ്സി താരം മുഹമ്മദ് അഷ്റഫ് ആണ് കളിയിലെ കേമന്‍. രജിത് ആണ് ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. അവസാന മത്സരത്തില്‍ രണ്ട് ഗോളിന് സില്‍വര്‍ സ്റാറിനെ തോല്‍പ്പിച്ച് കെ.കെ.എസ് സുറ വിജയിച്ചു. രണ്ട് ഗോളുകള്‍ നേടുകയും നിരവധി അവസരങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്ത കെ.കെ.എസ് സുറ താരം അബാസ് കല്ലിംഗന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കി.

കുവൈറ്റിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍